2.5 ലക്ഷത്തിന്റെ കള്ളനോട്ട്; സീരിയൽ നടിയും അമ്മയും സഹോദരിയും കസ്റ്റഡിയിൽ

സീരിയൽ താരം സൂര്യ ശശിയെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ.

കൊല്ലം∙ സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു. നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന കള്ളനോട്ട് വേട്ടയുടെ തുടര്‍ച്ചയാണ് ഇന്നത്തെ അറസ്റ്റ്.

സൂര്യ ശശിയുടെ മുളങ്കാടകത്തിനു സമീപം മനയിൽകുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്തെ ആഢംബര വീട്ടില്‍നിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, മഷി, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇടുക്കിയില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തിൽപ്പെട്ട കൂടുതൽപ്പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

അറസ്റ്റിലായ രമാദേവി.

500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവർ നിർമിക്കുന്ന വ്യാജനോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽമാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും. മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിച്ചു കൊടുക്കുമ്പോൾ ഒരു ലക്ഷം ഇവർക്ക് ഒറിജിനൽ കിട്ടണം എന്ന വ്യവസ്ഥയിലാണ് അടച്ചടിക്കൽ നടന്നുപോന്നിരുന്നത്.

രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയില്‍നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് പരിശോധന നടത്തിയത്.