കന്യാസ്ത്രീ പരാതി നൽകാൻ വൈകിയിട്ടില്ല; തെളിവുപുറത്തുവിട്ട് കുടുംബം

പരാതി നൽകിയ കന്യാസ്ത്രീയെ സന്ദർശിക്കാൻ മദർ ജനറൽ എത്തിയപ്പോൾ. കുടുംബം പുറത്തുവിട്ട ചിത്രം

കുറവിലങ്ങാട്∙ തനിക്കെതിരെ ലൈംഗികപീഡനം ആരോപിച്ച കന്യാസ്ത്രീ വൈകിയാണു പരാതി നല്‍കിയതെന്ന ജലന്ധർ ബിഷപ്പിന്റെ വാദം ശരിയല്ലെന്നു കന്യാസ്ത്രീയുടെ കുടുംബം. ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയിലാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ കണ്ടെന്നും കുടുംബാംഗങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നും ബന്ധു മനോരമ ന്യൂസിനോടു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു തെളിവായ ചിത്രങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. പരാതി പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധു വെളിപ്പെടുത്തി.

ഇവരുടെ നിരന്തര ഭീഷണിയുണ്ടെന്നു കാട്ടി ആദ്യം പരാതി നല്‍കിയത് താനാണെന്നും അതിനു പിന്നാലെയാണു കുടുംബം പരാതി നല്‍കിയതെന്നും ബിഷപ്പ് നേരത്തെ വാദമുയര്‍ത്തിയിരുന്നു. ഈ വാദത്തിന്‍റെ മുനയൊടിച്ചാണു കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.

എന്നാൽ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോടു പീഡനത്തെക്കുറിച്ചു കന്യാസ്ത്രീ പറഞ്ഞില്ലെന്നും ബന്ധു വിശദീകരിച്ചു. സഭയിലെ അതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചായിരുന്നു കത്തു നൽകിയത്. 2017 നവംബറില്‍ കര്‍ദിനാളിനെ നേരില്‍ കണ്ടെന്നും ബന്ധു മനോരമ ന്യൂസിനോടു പറഞ്ഞു. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് വത്തിക്കാന്‍ പ്രതിനിധിക്കു പരാതി നല്‍കി. പൊലീസിനെ സമീപിച്ചതു സഭയില്‍നിന്നു നീതി ലഭിക്കില്ലെന്നു ബോധ്യപ്പെട്ട ശേഷമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസിൽ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ആവശ്യമെങ്കിൽ ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തി ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.