അനധികൃത നിർമാണം; പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടിസ്

മുംബൈ ∙ സ്പായിലെ അനധികൃത നിർമാണത്തിന്റെപേരിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടിസ്. ഓഷിവാരയിൽ നടിയുടെ ഉടമസ്ഥതയിലുള്ള കരിസ്മ ബ്യൂട്ടി സ്പായിൽ അനധികൃത നിർമാണം നടക്കുന്നെന്ന പരാതികളിലാണു നടപടി. സ്പായുടെ ഉള്ളിൽ ക്യാബിനുകളും മറ്റും അനുവദനീയമല്ലാത്ത തരം വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നോട്ടിസ് ലഭിച്ചിട്ടും നടപടിയില്ലെങ്കിൽ ഇവ നീക്കം ചെയ്യുമെന്ന് ബിഎംസി അധികൃതർ അറിയിച്ചു. നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അനധികൃത നിർമാണത്തിന്റെപേരിൽ ഷാറൂഖ് ഖാൻ, ബിജെപി എംപി ശത്രുഘ്നൻ സിൻഹ, കപിൽ ശർമ, നടൻ അർഷദ് വാഴ്സി എന്നിവർക്കും ബിഎംസി നോട്ടിസ് അയച്ചിരുന്നു.