വൈദികർ മാനഭംഗപ്പെടുത്തിയെന്ന പരാതിയിലുറച്ച് യുവതി; അറസ്റ്റിനു സാധ്യത

Representative Image

പത്തനംതിട്ട∙ ഒാര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ഉറച്ച് ഇരയായ യുവതി. പൊലീസിനു നല്‍കിയ മൊഴി മജിസ്ട്രേറ്റിനു മുന്നിലും യുവതി ആവര്‍ത്തിച്ചു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇരുവരും ഒളിവിലാണ്. യുവതിയും വൈദികരും താമസിച്ച ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തും. മൊഴിപ്പകര്‍പ്പ് കിട്ടുന്നമുറയ്ക്കു തുടര്‍നടപടികളിലേക്കു നീങ്ങുന്നതിനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കാതിരുന്നതും വൈദികര്‍ക്കു തിരിച്ചടിയാണ്.

ഇന്നലെ വൈകിട്ട് അഞ്ചരമുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടി ക്രമം 164ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണു ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ഇന്നലെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാതിരുന്ന വൈദികര്‍ ഇന്നു കോടതിയെ സമീപിക്കുമെന്നാണു വിവരം.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു നിരീക്ഷിച്ച ഹൈക്കോടതി വൈദികരുടെ അറസ്റ്റ് തടയാന്‍ പര്യാപ്തമായ വസ്തുതകള്‍ ലഭ്യമായിട്ടില്ലായെന്ന‌ു വ്യക്തമാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. ഇനി ലഭിക്കുന്ന ജ്യാമ്യാപേക്ഷകളിലും കോടതി സമാനമായ നിലപാടു സ്വീകരിക്കാനാണു സാധ്യത. ജാമ്യാപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ധൃതിപിടിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റിനു മുതിര്‍ന്നേക്കില്ല.

എങ്കിലും ജ്യാമ്യാപേക്ഷയില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നതിനാല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ അന്വേഷണസംഘം യുവതിയുടെ മൊഴിയെടുക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാല് വൈദികര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.