രാജ്യത്ത് ചൂതാട്ടവും വാതുവയ്പും നിയമപരമാക്കാമെന്ന് ലോ കമ്മിഷൻ ശുപാർശ

ന്യൂഡൽഹി∙ കണിശമായ വ്യവസ്ഥകളോടെ രാജ്യത്ത് ചൂതാട്ടവും വാതുവയ്പും നിയമപരമാക്കണമെന്നു ലോ കമ്മിഷൻ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. കസീനോകളിലും ഗെയ്മിങ് വ്യവസായത്തിലും നേരിട്ടുള്ള വിദേശമുതൽമുടക്ക് (എഫ്ഡിഐ) അനുവദിക്കണമെന്നും ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ സമിതി നിർദേശിച്ചു.

എന്നാൽ, ചൂതാട്ടം നിയമപരമാക്കാൻ പാടില്ലെന്നും ശുപാർശ അനാവശ്യവും അനാരോഗ്യകരവുമായ ചർച്ചയ്ക്കു വഴിവയ്ക്കുമെന്നും കമ്മിഷനംഗം ഡോ.എസ്. ശിവകുമാർ വിയോജനക്കുറിപ്പെഴുതി.

ക്രിക്കറ്റിൽ വാതുവയ്പു വിവാദം രൂക്ഷമായപ്പോൾ, ക്രിക്കറ്റ് കൺട്രോൾ ബോർഡും ബിഹാർ ക്രിക്കറ്റ് അസോസിയേഷനുമായുള്ള കേസിലെ വിധിയിലാണു വിഷയം പഠിക്കാൻ കമ്മിഷനോടു നിർദേശിച്ചത്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുദ്ഗൽ സമിതിയും ജസ്റ്റിസ് ലോധ സമിതിയും വാതുവയ്പ് നിയമപരമാക്കുന്നതിനെ അനുകൂലിച്ചിരുന്നു.

വാസ്തവത്തിൽ, ചൂതാട്ടവും വാതുവയ്പും നിയമപരമാക്കുന്നത് ഉചിതമല്ലെന്നാണു കമ്മിഷന്റെ നിലപാട്. എന്നാൽ, നിരോധിച്ചാൽ ഇവ രണ്ടും പെരുകും; ഫലപ്രദമായി നിയന്ത്രിക്കുക എളുപ്പമല്ല. അതുകൊണ്ടു രണ്ടു കാര്യങ്ങളും നിയമപരമാക്കാം– ഇന്നലെ നിയമ മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ കമ്മിഷൻ വിശദീകരിച്ചു. വിദേശ മുതൽമുടക്കോടെ കസീനോകളും മറ്റും അനുവദിക്കുന്നതു ടൂറിസം വളർച്ചയ്ക്കു സഹായിക്കുമെന്നും കമ്മിഷൻ വിലയിരുത്തി.

കമ്മിഷൻ നിർദേശിച്ച നിയന്ത്രണങ്ങൾ

∙ രണ്ടുതരം ചൂതാട്ടം വേണം: ധനികർക്ക് ശരിയായ (പ്രോപർ) ചൂതാട്ടം, ചെറിയ വരുമാനക്കാർക്കു ചെറിയതരം ചൂതാട്ടം.

∙ സർക്കാർ ഇളവുകൾ വാങ്ങുന്നവരെയും ആദായനികുതി, ജിഎസ്ടി എന്നിവയുടെ പരിധിയിൽ വരാത്തവരെയും ചൂതാടാൻ അനുവദിക്കരുത്.

∙ മുടക്കാവുന്ന പണത്തിനും പങ്കെടുക്കാവുന്ന തവണയ്ക്കും പരിധി വയ്ക്കണം.

∙ ആധാർ/ പാൻ ബന്ധിപ്പിച്ചു മാത്രം ഇടപാടുകൾ. കറൻസി ഇടപാട് പാടില്ല.

∙ ചൂതാട്ട/വാതുവയ്പു വരുമാനത്തിനു നികുതി ചുമത്തണം.

‘മഹാഭാരതത്തിലെ ചൂതാട്ടം നിയന്ത്രിച്ചിരുന്നെങ്കിൽ...’

മഹാഭാരതകാലത്ത് ചൂതാട്ടം നിയന്ത്രിച്ചിരുന്നെങ്കിൽ യുധിഷ്ഠിരനു ഭാര്യയെയും സഹോദരങ്ങളെയും പണയംവയ്ക്കേണ്ടിവരില്ലായിരുന്നുവെന്ന വാദത്തിൽ കഴമ്പുണ്ടെന്നു ലോ കമ്മിഷൻ‍. ചൂതാട്ടത്തിന്റെ നശീകരണശേഷി പരിഗണിച്ച ഇന്ത്യൻ സമൂഹം അതിനെ ഒരുകാലത്തും താൽപര്യത്തോടെ കണ്ടിട്ടില്ല– റിപ്പോർട്ടിൽ കമ്മിഷൻ അഭിപ്രായപ്പെട്ടു.