സേലം– ചെന്നൈ അതിവേഗ പാത: സ്ഥലം ഏറ്റെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ∙ സേലം– ചെന്നൈ അതിവേഗ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സ്ഥല ഉടമകളിലൊരാൾ നൽകിയ ഹർജിയും മറ്റു പൊതുതാൽപര്യ ഹർജികളും തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതിവേഗ പാതയ്ക്കെതിരെ സേലം, തിരുവണ്ണാമല ഉൾപ്പെടെയുള്ള ജില്ലകളിൽ കർഷകർ ശക്തമായ പ്രതിഷേധത്തിലാണ്. എന്നാൽ, ചുരുക്കം ചിലർക്കു മാത്രമാണ് എതിർപ്പെന്നും ഭൂരിപക്ഷം കർഷകരും ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാർ വാദം. 

പദ്ധതിക്കെതിരെ സേലത്തു നടത്താനിരുന്ന പ്രതിഷേധ യോഗത്തിനും കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സേലത്തു നിന്നു ചെന്നൈയിലേക്ക് എട്ടു വരി പാത പോലൊരു മെഗാപദ്ധതി ഇതാദ്യമായാണു സർക്കാർ കൊണ്ടുവരുന്നത്. ഇത് ഒട്ടേറെ വ്യവസായ അവസരങ്ങളും രാജ്യാന്തര കമ്പനികൾക്കുൾപ്പെടെ പ്രവർത്തിക്കാനുള്ള അവസരവും തുറന്നുനൽകും. ചരക്കു ഗതാഗതവും ഇതുവഴി സുഗമമാകും. യുവാക്കൾക്കുൾപ്പെടെ തൊഴിലവസരം നൽകുന്ന പദ്ധതി തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.