ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനിൽ ഫോർമലിൻ; വന്നത് ആന്ധ്രയിൽനിന്ന്

ആലപ്പുഴ∙ കയറ്റുമതി സംസ്കരണത്തിനായി ആന്ധ്രപ്രദേശിൽനിന്ന് ജൂൺ 26ന് ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനിൽ ഫോർമലിൻ ഉണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. അരൂരിൽ എത്തിയ ലോഡ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും സാംപിൾ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

അവിടത്തെ പരിശോധനയിലാണു ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ലോഡ് ആന്ധ്രാപ്രദേശിലേക്കു തിരിച്ചയച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ജൂൺ 26നു തന്നെ കർണാടകയിൽനിന്നെത്തിയ മറ്റൊരു ലോഡ് ചെമ്മീനിൽ ഫോർമലിൻ ഇല്ലെന്നു കണ്ടെത്തി വാഹനം വിട്ടുകൊടുത്തിട്ടുണ്ട്. എങ്കിലും ചെമ്മീൻ, ഐസ് സാംപിളുകൾ വീണ്ടും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.