സിസിടിവി ദൃശ്യങ്ങളിലുള്ളത് അലീഷയല്ല; ജെസ്നയാണോ?: ഉറപ്പില്ലെന്ന് പൊലീസ്

അലീഷയും ജെസ്നയും

കോട്ടയം∙ മുണ്ടക്കയത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്നയോടു സാദൃശ്യമുള്ള അലീഷയല്ലെന്ന് പൊലീസ് സ്ഥിരീകരണം. എന്നാൽ ദൃശ്യങ്ങളിലേത് ജെസ്നയാണോയെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം തുടരുകയാണ്. കാണാതായ മാർച്ച് 22ന് മുണ്ടക്കയത്തെ ബസ് സ്റ്റാൻഡിനു സമീപമുള്ള തുണിക്കടയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. നഷ്ടപ്പെട്ടുപോയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടെടുത്തിരുന്നു.

തട്ടത്തിൻ മറയത്ത് അലീഷ

മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന എന്ന കോളജ് വിദ്യാർഥിനിയുടെ അതേ രൂപവും ഭാവവുമാണ് അലീഷയ്ക്ക്. ഒരു തട്ടത്തിന്റെ മറമാത്രമാണ് വ്യത്യാസമായുള്ളത്, ചതുര കണ്ണാടിയും പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജെസ്നയുടേതിന് സമാനം. വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീൻ –റംലത്ത് ദമ്പതികളുടെ മകളാണ് അലീഷ.

ഒറ്റനോട്ടത്തിൽ ജെസ്നയുടെ രൂപ സാദൃശ്യമുള്ള അലീഷയ്ക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാണുന്നവരെല്ലാം മനസിൽ ഒരിക്കലെങ്കിലും പറഞ്ഞു പോകും ഇത് ജെസ്നയാണെന്ന്.

നൂറും ദിവസവും കടന്നു; ജെസ്ന ഇപ്പോഴും കാണാമറയത്ത്

പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് മാർച്ച് 22നു വീട്ടിൽ നിന്നിറങ്ങിയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. എരുമേലി വരെ ജെസ്നയെ കണ്ടിരുന്നുവെന്ന് പലരും അവകാസപ്പെടുന്നു. എന്നാൽ കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ജെസ്ന പിന്നീട് അപ്രത്യക്ഷയായി. ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീടു പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ സംഘവും അന്വേഷിച്ചെങ്കിലും തുമ്പില്ലാതെ മടങ്ങി. തിരോധാനം നിയമസഭയിൽ ഉപക്ഷേപമായെത്തിയപ്പോൾ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നൽകി.

അന്വേഷണ സംഘം വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. എഡിജിപി ബി.സന്ധ്യയ്ക്കു ചുമതല നൽകാനും ധാരണയായി. പക്ഷേ, കാര്യങ്ങൾ വേണ്ടവിധം മുന്നോട്ടു നീങ്ങിയില്ല. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു. ജെസ്നയെ കണ്ടെത്താനുള്ള സാധ്യതകൾ വിദൂരതയിലേക്കു നീങ്ങി. എത്തും പിടിയും കിട്ടാതെ പൊലീസ് നാടു മുഴുവൻ ഓടുമ്പോൾ മറുഭാഗത്ത് സർക്കാർ നിസ്സഹായരായി നിന്നു. കോൺഗ്രസ് സമരം ഏറ്റെടുത്തു. ജെസ്നയുടെ കുടുംബത്തെ സമര വേദികളിലെത്തിച്ചു. അന്വേഷണം ഇപ്പോൾ ഐജി മനോജ് ഏബ്രഹാമിന്റെ കൈകളിലാണ്. സംഘം രൂപീകരിച്ചെങ്കിലും സംഘത്തലവൻ ഇതുവരെ അന്വേഷണത്തിന് നേരിട്ടിറങ്ങിയില്ല. ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു.

‘‘നീ തിരിച്ചു വരും’’

കൊല്ലമുളയിലെ വീട്ടിൽ പിതാവ് ജയിംസും സഹോദരങ്ങളായ ജെഫിയും ജെയ്സും ജെസ്നയുടെ വരവിനായി കാത്തിരിക്കുകയാണ്. ആ മുഖം ഇന്നു കേരളത്തിനു ചിരപരിചിതമാണ്. എവിടെയും എപ്പോഴും പ്രതീക്ഷിക്കുന്നതു കൊണ്ടാകാം, പല സ്ഥലത്തും ജനങ്ങൾ ജെസ്നയെ കാണുന്നുണ്ട്. പക്ഷേ, അവർ കണ്ടതൊന്നും ജെസ്നയെ ആയിരുന്നില്ല. പിതാവ് ജയിംസിന്റെ വാക്കുകൾ കടമെടുത്താൽ, ‘‘ നീ തിരിച്ചു വരും, ഇന്നു പറഞ്ഞതെല്ലാം അന്നു മാറ്റി പറയേണ്ടി വരും.’’ അങ്ങനെ മാറ്റി പറയാൻ തന്നെയാണ് കേരളത്തിന് ഇഷ്ടം.