കാണാമറയത്ത് ജെസ്ന; തട്ടത്തിൻ മറയത്ത് അലീഷ

അലീഷ, ജെസ്ന

മുണ്ടക്കയം∙ ഒറ്റനോട്ടത്തിൽ ജെസ്നയുടെ രൂപ സാദൃശ്യമുള്ള അലീഷയ്ക്ക് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. കാണുന്നവരെല്ലാം മനസിൽ ഒരിക്കലെങ്കിലും പറഞ്ഞു പോകും ഇത് ജെസ്നയാണെന്ന്. ഒരു തട്ടത്തിന്റെ മറമാത്രമാണ് വ്യത്യാസമായുള്ളത്, ചതുര കണ്ണാടിയും പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജെസ്നയുടേതിന് സമാനം. മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന എന്ന കോളജ് വിദ്യാർഥിനിയുടെ അതേ രൂപവും ഭാവവുമാണ് വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീൻ –റംലത്ത് ദമ്പതികളുടെ മകൾ അലീഷയ്ക്ക്.

കഴിഞ്ഞ ദിവസം ടൗണിലെ കടയിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയെ കണ്ടെത്തി എന്ന് പൊലീസ് വെളിപ്പെടുത്തുകയും പിന്നീട് ഇത് തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കടയിലെ സിസിടിവി ചിത്രങ്ങളിൽ ഉള്ളത് അലീഷയുടെ രൂപമാകാം എന്നാണ് ഇപ്പോഴത്തെ സംശയം. ഒരു മാസം മുൻപാണ് ജെസ്നയുമായുള്ള അലീഷയുടെ രൂപ സാദൃശ്യത്തെപ്പറ്റി വീട്ടുകാർ തന്നെ ചിന്തിക്കുന്നത്. അമ്മയോടൊപ്പം നടന്നു വരികയായിരുന്ന അലീഷയെ കണ്ട് ഒരു പൊലീസ് ജീപ്പ് അരികിൽ നിർത്തി. ചാടിയിറങ്ങിയ പൊലീസുകാരൻ സംശയത്തോടെ ഇരുവരെയും നോക്കി.

തുടർന്ന് അലീഷയോട് പേരും വിവരങ്ങളും ചോദിച്ച് അറിഞ്ഞെങ്കിലും സംശയം മാറാതെയാണ് പൊലീസ് പോയതെന്ന് ഇവർ പറയുന്നു. ഇതോടെയാണ് കാണാതായ ജെസ്ന ആണ് താൻ എന്ന് ആളുകൾ സംശയിക്കുന്നതായി അലീഷ അറിയുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്ന അലീഷ പുറത്തിറങ്ങിയാലും സ്ഥിതി വ്യത്യസ്തമല്ല.