‘നരകവാഹന’ത്തിലെ കരാളരാത്രി; പിശാചുക്കളായി ആറു മനുഷ്യർ

2012 ഡിസംബർ 16, രാത്രി 9.00 മണി, ഡൽഹി വസന്ത് വിഹാർ. സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാർഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് ‘നരകവാഹന’ത്തിൽ. ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്നു പുറത്തേക്കെറിഞ്ഞു. രാജ്യം പിന്നീട് അവളെ ‘നിർഭയ’ എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേർ ഇവരായിരുന്നു – ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്‌ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ. 

ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ നിർഭയ സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു.

മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങൾക്കു ശേഷം ആയിരക്കണക്കിനു യുവാക്കൾ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി. 

ഡിസംബർ 29, പുലർച്ചെ 2.15. രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു – സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോർത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു. 

തെളിവുകളും ദൃക്സാക്ഷികളുമില്ലാതെ തുടക്കം; വഴിമുട്ടാതെ അന്വേഷണം 

സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. 

പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ റാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു. 

ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു ഡൽഹിയിൽ നടന്ന പ്രതിഷേധം(ഫയൽ ചിത്രം)

കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി. 

നി‍ർണായകമായത് ഫൊറൻസിക് തെളിവുകൾ 

കുറ്റകൃത്യം തെളിയിക്കാൻ പൊലീസ് സമർപ്പിച്ച ശാസ്ത്രീയ തെളിവുകൾ കോടതി അംഗീകരിച്ചു. കേസിൽ ഡിഎൻഎ പരിശോധന അന്വേഷണ പുരോഗതിയെ സഹായിച്ചെന്നു മാത്രമല്ല, പ്രതികളെ തിരിച്ചറിയാനും ഉപകരിച്ചു. ഡിഎൻഎ പരിശോധനാ റിപ്പോർട്ട്, വിരലടയാളം, കാൽപത്തിയുടെ പകർപ്പ്, കടിയുടെ പാടുകളുടെ വിശകലനം തുടങ്ങിയ ശാസ്ത്രീയ പരിശോധനകളാണ് വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിയിലേക്കു നയിച്ചത്.

ഓടിക്കൊണ്ടിരുന്ന ബസിലാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിനും പുരുഷ സുഹൃത്ത് മർദനത്തിനും ഇരയായത്. ബസിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനയിലൂടെ കഴിഞ്ഞു. ശരിയായ വിധത്തിൽ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാൽ അതിന്റെ പരിശോധനാ റിപ്പോർട്ട് സ്വീകരിക്കപ്പെടണം. കുറ്റകൃത്യവുമായി പ്രതികളുടെ ബന്ധം ശാസ്ത്രീയ പരിശോധനയിലൂടെ കുറ്റമറ്റ രീതിയിൽ തെളിയിക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ, ഡിഎൻഎ പരിശോധന റിപ്പോർട്ടു ശരിയല്ലെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. 2013 ഒക്ടോബറിലാണ് പ്രതികളെ വധശിക്ഷയ്ക്കു വിധിച്ച വിചാരണ കോടതി വിധി എത്തിയത്. തൊട്ടടുത്ത വർഷം മാർച്ചിൽ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. 

‘വിട്ടയച്ചയാൾ’ അജ്ഞാതവാസത്തിൽ 

നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ, കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്തയാളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. ഏറ്റവും ക്രൂരമായി പെൺകുട്ടിയെ ആക്രമിച്ചതു യുപി സ്വദേശിയായ ഇയാളാണെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന കാരണത്താൽ ബാലാവകാശ നിയമ പ്രകാരം വിചാരണ നേരിട്ട പ്രതി, നിരീക്ഷണ കേന്ദ്രത്തിലെ മൂന്നു വർഷ കാലാവധി പൂർത്തിയാക്കി 2015 ഡിസംബറിൽ മോചിതനായി.

ഇപ്പോൾ എവിടെയാണെന്നത് രഹസ്യം. പുറത്തിറങ്ങിയാൽ, നിർഭയയ്ക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് തന്നെ ആക്രമിക്കുമെന്നു നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാരോട് ഇയാൾ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെവിടെയോ ഹോട്ടലിൽ ജോലി ചെയ്യുകയാണെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം. 

130 ദിവസം വിചാരണ 

∙ 2013 ജനുവരി 17 

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി. 

സ്വയം സ്വീകരിച്ച തൂക്കുകയർ 

∙ 2013 മാർച്ച് 11 

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 

തൂക്കുകയർ തന്നെ 

∙ 2017 മേയ് 5 

നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 

പ്രതികളെ വിചാരണ സമയത്ത് കോടതിയിലെത്തിക്കുന്നു(ഫയൽ ചിത്രം)

കേസിലെ പ്രതികൾ 

∙ രാം സിങ് – ഭ്രാന്തനെന്ന് വിളിപ്പേര് 

സംഘ നേതാവ്. സൗത്ത് ഡൽഹി ആർകെപുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. ക്രിമിനൽ കേസുകളിൽ പ്രതി, സ്വഭാവ വൈകല്യങ്ങൾ കാരണം ‘ഭ്രാന്തൻ’ എന്നാണു സുഹൃത്തുക്കൾക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ. ജുഡീഷ്യൽ കസ്‌റ്റഡിയിൽ തിഹാർ ജയിലിൽ മാർച്ച് 11നു മരിച്ചനിലയിൽ കണ്ടെത്തി, പിന്നീടു കോടതിവിചാരണാ നടപടികളിൽ നിന്നൊഴിവാക്കി. 

∙ മുകേഷ് സിങ് (30) – ക്രൂരത സഹോദരനൊപ്പം 

രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നതു മുകേഷാണെന്നു പൊലീസ്. തെളിവു നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാൾ പിടിയിലായതു രാജസ്‌ഥാനിൽ നിന്ന്. 

∙ പവൻ ഗുപ്‌ത (കാലു-23) – ജ്യൂസ് കടക്കാരൻ 

മാതാപിതാക്കൾ പഴം വിൽപനക്കാർ. അവർക്കൊപ്പം ആർകെപുരം സെക്‌ടർ മൂന്നിലാണു താമസം. സെക്‌ടർ ഒന്നിൽ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി. 

∙ വിനയ് ശർമ (24) – വിദ്യാസമ്പന്നൻ, പക്ഷേ... 

പ്രതികളിലെ ഏക വിദ്യാസമ്പന്നൻ. സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്നോയിൽനിന്ന് ഓപ്പൺ സ്‌കീമിൽ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി. 

∙ അക്ഷയ് ഠാക്കൂർ (32) – രണ്ടു കുട്ടികളുടെ അച്ഛൻ 

ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിങ്ങിന്റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. സംഭവത്തിനു ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദിൽ നിന്നാണു പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. തന്റെ ഭർത്താവ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ വെടിവച്ചു കൊല്ലണമെന്നു ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു. 

∙ പ്രായപൂർത്തിയാകാത്തയാൾ – (കുറ്റകൃത്യം ചെയ്യുമ്പോൾ 17 വയസ്സും ആറുമാസവും) 

ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. പിന്നീടു വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാർ സംസ്‌ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ചു പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നു വർഷത്തെ നിരീക്ഷണ കേന്ദ്രത്തിൽ (ഒബ്സർവേഷൻ ഹോം) വാസത്തിനു ഉത്തരവിട്ടിരുന്നു. 2015 ഡിസംബറിൽ മോചിതനായി.