തെരേസ മേ സർക്കാരിൽനിന്ന് എട്ടുമാസത്തിനിടെ ഏഴു മന്ത്രിമാരുടെ രാജി

ലണ്ടൻ∙ ഡേവിഡ് കാമറണിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സർക്കാരിൽനിന്നു കഴിഞ്ഞ എട്ടു മാസത്തിനിടെ രാജിവച്ചത് ഏഴു മന്ത്രിമാർ. ഇവരിൽ അഞ്ചുപേരും പാർട്ടിയിലെയും കാബിനറ്റിലെയും ഏറ്റവും ശക്തരും മുതിർന്നവരും. ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീൻ, പ്രതിരോധ മന്ത്രി മൈക്കിൾ ഫാലൻ, വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ, ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ്, ആഭ്യന്തര മന്ത്രി അംബർ റൂഡ്, രാജ്യാന്തര വികസന മന്ത്രി ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ എന്നിവരാണു രാജിവച്ചൊഴിഞ്ഞ ക്യാബിനറ്റ് മന്ത്രിമാർ. ഇവർക്കു പുറമേ രണ്ട് ജൂനിയർ മന്ത്രിമാരും രാജിവച്ചു. വ്യാപാര സഹമന്ത്രി ഗ്രെഗ് ഹാൻസും ‌ബ്രെക്സിറ്റ് സഹമന്ത്രി സ്റ്റീവ് ബേക്കറും.

ഭൂരിപക്ഷത്തിനു പത്തോളം എംപിമാരുടെ കുറവുള്ള തെരേസ മേ സർക്കാർ നോർത്തേൺ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ (ഡിയുപി) പുറത്തുനിന്നുള്ള പിന്തുണയുടെ ബലത്തിലാണു ഭരണം നിലനിർത്തുന്നത്. ഇതിനിടെയാണ് ഏഴു മന്ത്രിമാർ പല കാരണങ്ങളാൽ രാജിവച്ചൊഴിഞ്ഞത്.

ആദ്യം രാജിവച്ച പലരും ആരോപണങ്ങളുടെ പേരിലാണെങ്കിൽ ഇന്നലെ രാജിവച്ച ബോറിസ് ജോൺസണും ഡേവിഡ് ഡേവീസും സഹമന്ത്രി സ്റ്റീവ് ബേക്കറും ബ്രെക്സിറ്റ് നയത്തിലെ സർക്കാരിന്റെ മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണു രാജിവച്ചത്. ആശയപരമായ ഈ വിയോജിപ്പിനോടു കൂടുതൽ ബ്രെക്സിറ്റ് അനുകൂലികൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ മന്ത്രിസഭ വീഴും. നേതൃമാറ്റം എന്ന ആവശ്യം ഉയർത്തി വരുംദിവസങ്ങളിൽ ഇവർ മുന്നോട്ടുവരാനും സാധ്യതയേറെയാണ്.

തെരേസ മേയുടെ സർക്കാരിൽനിന്ന് ആദ്യം രാജി വയ്ക്കേണ്ടി വന്നത് പ്രതിരോധ മന്ത്രി സർ മൈക്കിൾ ഫാലനാണ്. ലൈംഗികാരോപണത്തിൽ കുടുങ്ങിയായിരുന്നു അദ്ദേഹത്തിന്റെ രാജി.

ഇന്ത്യൻ വംശജയായ രാജ്യാന്തര വികസന മന്ത്രി പ്രീതി പട്ടേലായിരുന്നു രണ്ടാമതു രാജിവച്ചത്. ഇസ്രയേൽ പ്രധാനമന്ത്രിയുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സന്ദർശനത്തിനിടെ ആശയവിനിമയം നടത്തിയെന്ന ആരോപണമാണു പ്രീതീയുടെ കസേര തെറിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ഡപ്യൂട്ടി കൂടിയായിരുന്ന ഫസ്റ്റ് സെക്രട്ടറി ഡാമിയൻ ഗ്രീനും ലൈംഗാകാരോപണത്തിൽ കുടുങ്ങിയാണു പുറത്തുപോയത്. പാർലമെന്റിലെയും അദ്ദേഹത്തിന്റെ ഓഫിസിലെയും കംപ്യൂട്ടറിൽ നീലച്ചിത്രങ്ങൾ കണ്ടെന്ന ആരോപണമാണു ഡാമിയനെ വീഴ്ത്തിയത്.

ആഭ്യന്തര മന്ത്രി അംബർ റൂഡിന്റെ മന്ത്രിസ്ഥാനം പോയതു പാർലമെന്റിനെ തെറ്റിധരിപ്പിച്ചതിനാണ്. എമിഗ്രേഷൻ നിയന്ത്രണത്തിനു ടാർജറ്റ് ഇല്ലായിരുന്നു എന്നു പാർലമെന്റംഗങ്ങളെ തെറ്റിധരിപ്പിച്ചു എന്നതായിരുന്നു അംബർ റൂഡിനെ പ്രതിസ്ഥാനത്താക്കിയത്. ഇതോടൊപ്പം വിൻഡ് റഷ് ജനറേഷന്റെ പൗരത്വപ്രശ്നംകൂടിയായപ്പോൾ റൂഡിനു കസേര പോയി. ഹീത്രൂ വിമാനത്താവളത്തിനു മൂന്നാം റൺവേ നിർമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാര മന്ത്രി ഗ്രെഗ് ഹാൻസിന്റെ രാജി.