കോട്ടയത്ത് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചനിലയിൽ: മകൻ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം ∙ ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമൻ ആചാരിയെ (80) കഴുത്തിനു പിൻഭാഗത്ത് വെട്ടേറ്റു മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേഷിനെ (50) ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനോദൗർബല്യമുള്ള ആളാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണു ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ ശിവരാമൻ ആചാരിയുടെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്. വീട്ടിൽ ശിവരാമൻ ആചാരിയുടെ ഭാര്യ സാവിത്രിയും മകൾ ബിന്ദുവുമാണുള്ളത്. ഇരുവരും രോഗികളായി കിടപ്പിലായതിനാൽ സംഭവം നടന്നതു പുറത്തറിയാൻ വൈകി. തൊട്ടടുത്ത ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, വാകത്താനം സിഐ സി.വി. മനോജ്കുമാർ, ചിങ്ങവനം എസ്ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു രാജേഷിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. രാത്രിവൈകിയും ചോദ്യം ചെയ്യുകയാണ്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മാറിതാമസിക്കുകയായിരുന്നു രാജേഷ്. ഇന്നലെ മാതാപിതാക്കളെ കാണാൻ എത്തിയ രാജേഷ് രോഗലക്ഷണങ്ങൾ കാണിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു ശിവരാമൻ ആചാരി ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകേട്ടു പ്രകോപിതനായ രാജേഷ് ആക്രമണം നടത്തിയതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം വീട്ടിൽനിന്നു മാറ്റിയിട്ടില്ല. കിടപ്പുരോഗികളായ സാവിത്രിയെയും ബിന്ദുവിനെയും സമീപത്തെ ബന്ധുവീട്ടിലേക്കു മാറ്റി. വീടിന് സീൽവച്ച് പൊലീസ് കാവലും ഏർപ്പെടുത്തി. സംഭവം അറിഞ്ഞ് ഒട്ടേറെ നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് ഫോറൻസിക് വിഭാഗം പരിശോധനയ്ക്ക് എത്തും. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റും. സാവിത്രിയുടെയും ബിന്ദുവിന്റെയും ഏക ആശ്രയമായിരുന്നു ശിവരാമൻ ആചാരി. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ആഴ്ചയിലൊരിക്കൽ എത്തിയാണ് ഇവരെ പരിചരിച്ചിരുന്നത്.