‘പാക്കിസ്ഥാന്‍ വാദ’ത്തിൽ ഉറച്ച് തരൂർ; അതിനുള്ള സ്വാതന്ത്ര്യം കിട്ടിയില്ലേയെന്ന് കണ്ണന്താനം

കോൺക്ലേവ് വേദിയിൽ ശശി തരൂരും അൽഫോൻസ് കണ്ണന്താനവും വാഗ്വാദത്തിൽ.

കൊച്ചി∙ കോൺഗ്രസ് ഭരണകാലത്തേക്കാളും സ്വാതന്ത്ര്യം ഇന്നുണ്ടെന്ന കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന്റെ അഭിപ്രായത്തെ തള്ളി ശശി തരൂർ എംപി. കോൺഗ്രസ് ഭരണകാലത്തു നല്ലതു പോലെ സ്വാതന്ത്ര്യം അനുഭവിച്ചവര്‍ തീർച്ചയായും ആ വാദം തള്ളിക്കളയും. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം പോലും ദേശ വിരുദ്ധമായാണ് ഇന്നു കാണുന്നത്. ഇക്കാര്യം പുതുതലമുറയ്ക്കു പോലും വ്യക്തമാണെന്നും തരൂര്‍ പറഞ്ഞു.

LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്

ഇക്കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിനിടയിലാണ് ഇതു സംഭവിച്ചതെന്നു പകൽ പോലെ വ്യക്തം. പലയിടത്തും ആൾക്കൂട്ട വിചാരണയും കൊലപാതകങ്ങളും നടക്കുന്നു. അത് തികച്ചും പ്രാദേശികമായി നടന്നതാണെന്നു പറയാനാകില്ല. ഏതെങ്കിലും വ്യക്തിയുടെ തലയിൽ വച്ചു കെട്ടാനുമാകില്ല. അതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്നും തരൂർ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ജനങ്ങളുടെ സ്വാതന്ത്ര്യം എത്തരത്തിലുള്ളതാണ് എന്ന വിഷയത്തിൽ, മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു തരൂർ.

എന്നാൽ തരൂരിന്റെ വാദത്തിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയത് അൽപനേരം വാഗ്വാദത്തിനിടയാക്കി. കോൺഗ്രസ് 65 കൊല്ലക്കാലം ഭരണത്തിലുണ്ടായില്ലേ? അന്നുണ്ടായിരുന്ന കൂട്ടക്കൊലകളും ആൾക്കൂട്ട വിചാരണകളുമെല്ലാം എല്ലാവരും മറന്നോ? എന്ന ചോദ്യവുമായിട്ടായിരുന്നു അൽഫോൻസ് ഇതിനെ നേരിട്ടത്.

ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നുമുള്ള തന്റെ വാദത്തിൽ ശശി തരൂർ ഉറച്ചു നിന്നതും വാഗ്വാദത്തിനിടയാക്കി. ‘ആർഎസ്എസ് ഇതു പണ്ടു മുതൽക്കേ തുടരുന്ന രീതിയാണ്. ഞാൻ ഇതെല്ലാം പഠിച്ചതിനു ശേഷം പറഞ്ഞതാണ്. രാജ്യം എന്നതു ഭൂമിശാസ്ത്രമല്ല അതു ജനങ്ങളാണ് എന്നു വിശ്വസിക്കുന്നവരാണ് ഇന്ത്യ ഹിന്ദുക്കളുടേതാണെന്നു പറയുന്നത്. ഈ ഐഡിയോളജിയാണ് ഇപ്പോൾ നടപ്പാക്കുന്നത്’–തരൂർ പറഞ്ഞു.

എന്നാൽ ഇത്രയും ദേശവിരുദ്ധമായ പ്രസ്താവന നടത്തിയിട്ടും ശശി തരൂരിന് ഇവിടെ വന്ന് സ്വാതന്ത്ര്യത്തോടെ സംസാരിക്കാനാകുന്നെന്നായിരുന്നു ഇതിനോടുള്ള അൽഫോൻസിന്റെ മറുപടി. രാജ്യത്ത് എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ശ്രമം. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയാണ് കേന്ദ്രം. ലക്ഷക്കണക്കിനു വീടുകളില്‍ ശുചിമുറി നിർമിക്കുന്നു, വൈദ്യുതി എത്തിക്കുന്നു... തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതാണു ജനങ്ങളുടെ സ്വാതന്ത്ര്യമെന്നും അൽഫോൻസ് പറഞ്ഞു.

മുഹമ്മദ് യൂസഫ് താരിഗാമി

കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കേന്ദ്രീകരിച്ചായിരുന്നു സിപിഎം നേതാവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് താരിഗാമിയുടെ വാക്കുകൾ. കശ്മീർ പണ്ഡിറ്റുകളും മുസ്‌ലിംകളും ഒരുമിച്ചു നിന്ന ഒരു കശ്മീരുണ്ടായിരുന്നു. ആ കശ്മീർ ഇന്നു കത്തുകയാണ്. പഴയ സുവർണകാലം തിരികെ കൊണ്ടുവരാനാണു ശ്രമം. വെറുപ്പിന്റെ കാലത്തെ ഇല്ലാതാക്കാനാണു ശ്രമം. കശ്മീരിലാകെ അക്രമത്തിന്റെ കാഴ്ചയാണ്. ചില ഭാഗങ്ങളിൽ മാത്രമാണ് അക്രമമെന്നു പറയുന്നതു ശരിയല്ല. സ്വാതന്ത്ര്യത്തിന്റെ അർഥമെന്നത് ഇന്നും കശ്മീരിലെ ജനങ്ങൾക്ക് വിദൂരമാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ളയിടങ്ങളിലെ ജനങ്ങൾ ഒരുമിച്ചു നിന്നു വേണം രാജ്യത്തെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ പ്രാപ്തരാക്കേണ്ടതെന്നും താരിഗാമി പറഞ്ഞു. മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്തയായിരുന്നു ചർച്ചയുടെ മോഡറേറ്റർ.