ട്രെയിനിന്റെ ചവിട്ടുപടിയിൽ യാത്ര ചെയ്ത യുവാവ് തെറിച്ചു വീണ് മരിച്ചു

വാളയാർ ∙ ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ വനത്തിലേക്കു തെറിച്ച് വീണ് അസം സ്വദേശി മരിച്ചു. അസം സോന്‌ദിപൂർ ജില്ലയിൽ ദേക്തജൂലി സ്വദേശി ചിമാൻ ബെൻഗ്രയുടെ മകൻ പട്രാച്ച് ബെൻഗ്ര (29) ആണ് മരിച്ചത്. കോയമ്പത്തൂർ പാസഞ്ചർ ട്രെയിനിൽ നിന്നാകാം വീണതെന്നും സംശയിക്കുന്നുണ്ട്. 

വനത്തിൽ വിറക് ശേഖരിക്കുന്ന സ്ത്രീകളാണ് കൊട്ടാമുട്ടിക്കു സമീപം കൈപ്പത്തി അറ്റ നിലയിൽ പട്രാച്ച് ബെൻഗ്രയെ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി ജില്ല ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽനിന്നു ലഭിച്ച രേഖകളിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.