ബിന്ദു തിരോധാനം: സെബാസ്റ്റ്യൻ പൊലീസിനെ കബളിപ്പിക്കുന്നുവെന്ന് സഹോദരൻ

കൊച്ചി∙ ചേര്‍ത്തലയില്‍ വ്യാജരേഖകളുണ്ടാക്കി ബിന്ദു പത്മനാഭന്റെ സ്വത്തുതട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്‍ പൊലീസിനെ കബളിപ്പിക്കുകയാണെന്നു ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാര്‍. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ സിനിമയെ വെല്ലുന്ന കഥകളാണ് െസബാസ്റ്റ്യന്‍ പറയുന്നതെന്നും പ്രവീണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ബിന്ദു ജീവനോടെ ഇരിപ്പുണ്ടെന്നുമാണു ജില്ലാപൊലീസ് മേധാവി നല്‍കുന്ന ഉറപ്പ്.

ഒരുമാസം മുമ്പ് ചേര്‍ത്തലയിലെ ബാങ്കില്‍നിന്ന് 50 ലക്ഷം രൂപ ബിന്ദു പത്മനാഭന്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും, താന്‍ ഒപ്പം പോയിരുന്നുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ബിന്ദുവിന് അവിടെ അക്കൗണ്ട് പോലുമില്ല. ഇങ്ങനെ ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു തോന്നിപ്പിക്കാന്‍ മുഖ്യപ്രതി കള്ളം നിരത്തുകയാണെന്ന് പ്രവീണ്‍ പറയുന്നു

തുടക്കത്തില്‍ പോലീസ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടി. അന്വേഷണസംഘം ആവശ്യപ്പെട്ടതുകൊണ്ടാണ് മൊഴി നല്‍കാന്‍ ഇറ്റലിയില്‍നിന്ന് എത്തിയത്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യംചെയ്യലിനായി കേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യന്‍ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിലാണ്