കുൽഭൂഷൺ ജാദവ് കേസിൽ പാക്ക് മറുപടി ഇന്ന്

ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചതു സംബന്ധിച്ചു രാജ്യാന്തര കോടതിയിൽ നിലവിലുള്ള കേസിൽ, ഇന്ത്യയ്ക്കു നൽകാനുള്ള മറുപടി പാക്കിസ്ഥാൻ ഇന്നു സമർപ്പിക്കും. 400 പേജുകൾ അടങ്ങിയ മറുപടി അന്റോർണി ജനറൽ ജാവേദ് ഖാലിദ് ഖാൻ അടങ്ങിയ വിദഗ്ധ സംഘമാണു തയാറാക്കിയതെന്നു പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഏപ്രിൽ 17നു ഇന്ത്യ സമർപ്പിച്ച വാദങ്ങൾക്കാണു പാക്കിസ്ഥാന്റെ മറുപടി. ഇതു ലഭിച്ചശേഷം അടുത്ത വാദത്തിന്റെ തീയതി ഹേഗിലെ കോടതി തീരുമാനിക്കും. മിക്കവാറും അത് അടുത്ത വർഷമേ ഉണ്ടാവൂ.

ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്ക് കോടതി കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ചതിനെതിരെ കഴിഞ്ഞ മേയിലാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നു കേസിൽ അന്തിമ തീരുമാനം വരെ ജാദവിന്റെ വധശിക്ഷ സ്റ്റേചെയ്തു കൊണ്ടു കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ജാദവിനെ കോൺസുലേറ്റ് തലത്തിൽ ബന്ധപ്പെടാനുള്ള ഇന്ത്യയുടെ ആവശ്യം പാക്ക് നിരവധി തവണ നിരസിച്ചിരുന്നു. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ജാദവിന്റെ അമ്മയെയും ഭാര്യയെയും കാണാൻ അനുവദിച്ചിരുന്നെങ്കിലും ഇവർക്കെതിരെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കടുത്ത വിമര്‍ശനമാണ് ഉയർത്തിയത്.