മറുപടിക്കു പകരം ഗുണ്ടകൾ; ബിജെപിയുടേത് ‘താലിബാനിസ’മെന്ന് ശശി തരൂർ

ശശി തരൂർ

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശം വിവാദമായതിനു പിന്നാലെ വിമര്‍ശനം കൂടുതല്‍ കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി‍. രാജ്യത്ത് ഹിന്ദുയിസത്തിന്‍റെ താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണോ ബിജെപിയുടേതെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാനിലേക്കു പോകാന്‍ പറയാന്‍ ബിജെപിക്ക് എന്ത് അധികാരമാണുള്ളത്.

രാഷ്ട്രീയ അഭിപ്രായത്തിന് ഗുണ്ടായിസം കൊണ്ടാണ് മറുപടി നല്‍കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു. തന്‍റെ ഓഫിസ് ആക്രമിച്ചവരെ 24 മണിക്കൂറായിട്ടും പിടികൂടിയില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.

അതേസമയം, ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി എംബി രാജേഷ് എംപി രംഗത്തെത്തി. പലരും നേരത്തേ ഉന്നയിച്ച വിമര്‍ശനം ആവര്‍ത്തിക്കുക മാത്രമാണു ശശി തരൂര്‍ ചെയ്തത്. സീതാറാം യച്ചൂരി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതിന്റെ പേരിൽ എകെജി ഭവന്‍ ആക്രമിച്ചിരുന്നു. എംപിയുടെ ഒാഫിസ് ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും സംഘപരിവാര്‍ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ കേരളത്തിലെ ഉദാഹരണമാണിതെന്നും എംബി രാജേഷ് എംപി പാലക്കാട്ടു പറഞ്ഞു.