അഭിമന്യു വധം: പ്രതികൾ മുപ്പതിലേറെ, നേരിട്ടു പങ്കെടുത്തവർ പതിനഞ്ചോളം

അഭിമന്യു വധക്കേസിലെ പ്രതികൾ

കൊച്ചി∙ അഭിമന്യു വധത്തിൽ പ്രതികൾ മുപ്പതിലേറെയെന്ന് അന്വേഷണസംഘം. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരാണുള്ളത്. അവർക്കു സഹായം ചെയ്തവാണു മറ്റുള്ളവർ. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാൻ സഹായിച്ചവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതുവരെ 12 അറസ്റ്റ് മാത്രമാണു നടന്നത്. ബാക്കിയുളളവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

കേസിലെ പ്രധാന പ്രതി മുഹമ്മദ് ഇന്നലെയാണു പിടിയിലായത്. കര്‍ണാടക അതിര്‍ത്തിക്കടുത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തലശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായി. കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ടു പങ്കെടുത്തവരില്‍ ആരെയും പിടികൂടാന്‍ കഴിയാതെ പ്രതിരോധത്തിലായിരുന്ന പൊലീസിനു തല്‍ക്കാലം ആശ്വസിക്കാവുന്ന അറസ്റ്റായിരുന്നു ഇത്.

ഗോവയിലേക്ക് കടന്ന മുഹമ്മദ് പിന്നീട് പലവട്ടം ഒളിത്താവളങ്ങള്‍ മാറി മംഗലാപുരത്തെത്തി, അവിടെനിന്ന് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘത്തിന്റെ കസ്റ്റഡിയിലായത്. താന്‍ വിവരമറിയിച്ചാണ് അക്രമിസംഘം ക്യാംപസില്‍ എത്തിയതെന്ന് മുഹമ്മദ് സമ്മതിച്ചു. അവര്‍ പത്തിലേറെ പേരുണ്ടായിരുന്നു. പലരുടെയും കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു.

രക്ഷപെട്ടുപോയ മറ്റു പ്രതികളെക്കുറിച്ചും ഓരോരുത്തരുടെയും പങ്കിനെ സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതു മുഹമ്മദിന്റെ മൊഴിയിലൂടെയാണ്. കൊലപാതകത്തിന് ഏതെങ്കിലും കേന്ദ്രത്തില്‍നിന്ന് മുന്‍കൂര്‍ നിര്‍ദേശം ലഭിച്ചിരുന്നോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതെല്ലാം വിശദമായി ചോദിച്ചറി‍ഞ്ഞ ശേഷം നാളെ മാത്രമേ കോടതിയില്‍ ഹാജരാക്കാനിടയുള്ളൂ. മുഹമ്മദ് നാടുവിട്ടതിനൊപ്പം ചേര്‍ത്തല വടുതലയിലെ വീട്ടില്‍‌നിന്ന് കാണാതായ മാതാപിതാക്കളെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല.