കേരളം ക്ഷണിച്ചുവരുത്തി അപമാനിച്ചു; മോദിക്കു പരാതിയുമായി പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ

പ്രഫ. പി. രാധാകൃഷ്ണൻ

കോട്ടയം∙ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ പാലക്കാട് ഐഐടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരില്‍നിന്നു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്നെഴുതി പ്രമുഖ സാമൂഹിക ശാസ്ത്രജ്‌ഞൻ. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ മുന്‍ പ്രഫസര്‍ ഡോ. പി രാധാകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. ഐഐടിക്കു സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിനായി രണ്ടു മാസത്തോളം പ്രവര്‍ത്തിച്ച തനിക്ക് തുച്ഛമായ പ്രതിഫലം നല്‍കി അപമാനിക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്‌തതെന്ന് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പ്രഫ. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ‍, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. രണ്ടു മാസം മറ്റു ജോലികള്‍ ഏറ്റെടുക്കാതെ മാറ്റിവച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതിനുള്ള ഫീസും വിമാനടിക്കറ്റുള്‍പ്പെടെയുള്ള ചെലവുകളും അടക്കം പത്തു ലക്ഷം രൂപയാണ് പ്രഫ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയതാകട്ടെ 12,000 രൂപയും. അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്കു കത്തയച്ചിരിക്കുന്നത്.

മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷണപ്രകാരം റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ക്ലാസെടുക്കാനും മറ്റു പരിപാടികള്‍ക്കുമായി പോകുമ്പോള്‍ വലിയ ആദരവാണു ലഭിക്കുന്നതെന്നും കേരളത്തിലുണ്ടായ ദുരനുഭവം മറ്റെവിടെയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനോടു പറഞ്ഞു. സാമൂഹികാഘാത പഠനത്തിനായി പാലക്കാട്ടെത്തിയപ്പോള്‍ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു തീര്‍ത്തും മോശമായ പെരുമാറ്റമാണ് ഉണ്ടായത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഐഐടിക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് വിലയിരുത്താനായി പ്രഫ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴംഗ വിദഗ്ധസമിതിയെ നിയമിച്ചുകൊണ്ട് 2018 ജനുവരി 24-നാണു സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കിയത്. അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞന്‍ എന്ന പേരിലാണ് പ്രഫ. രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ പഠനം വിലയിരുത്തി വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട് കലക്ടറേറ്റില്‍നിന്നാണ് ഇതു സംബന്ധിച്ച് ആദ്യമായി അറിയിപ്പു ലഭിച്ചതെന്നു പ്രഫസര്‍ പറഞ്ഞു. രണ്ടു മാസത്തേക്ക് മറ്റൊരു ജോലിയും ഏറ്റെടുക്കരുതെന്നും പഠനറിപ്പോര്‍ട്ട് വിലയിരുത്താന്‍ എത്തണമെന്നും കലക്ടറുടെ ഓഫിസില്‍നിന്നു ഫോണില്‍ ആവശ്യപ്പെട്ടു. ഔദ്യോഗികമായി കത്തൊന്നും ലഭിച്ചില്ലെങ്കിലും ദൗത്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 16-നു കലക്ടറുടെ ഓഫിസില്‍നിന്നു വിളിച്ച്, 21-നു പാലക്കാട്ട് വിദഗ്ധസമിതിയുടെ യോഗമുണ്ടെന്നും എത്തിച്ചേരണമെന്നും സന്ദേശം ലഭിച്ചു. ജില്ലാ കലക്ടറെ ബന്ധപ്പെട്ട് വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ധരിപ്പിച്ചു. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉള്‍പ്പെടെ ഫെബ്രുവരി 19 ന് ജില്ലാ കലക്ടറുടെ ഇ-മെയില്‍ സന്ദേശം ലഭിച്ചുവെന്നും പ്രഫ. രാധാകൃഷ്ണന്‍ പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍നിന്നു വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തി അവിടെ നിന്നു ടാക്‌സിയിലാണു പാലക്കാട്ടെത്തിയത്. താമസസ്ഥലത്തുനിന്ന് യോഗത്തിനായി കലക്ടറേറ്റിലേക്കു പോകാന്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍ ‘ഓട്ടോയില്‍ വന്നുകൂടെ’ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുചോദ്യം. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുക്കാതിരുന്നത് ആശ്ചര്യപ്പെടുത്തി. ഒരു ഇരുണ്ട മുറിയിലാണ് ആദ്യം യോഗം ചേര്‍ന്നത്. പരാതിപ്പെട്ടതിനെ തുടര്‍ന്നു കലക്ടറുടെ ചേംബറിലേക്കു മാറ്റി. 27 ന് അംഗങ്ങള്‍ക്കൊപ്പം ഐഐടിക്കായി ഏറ്റെടുക്കാനായി ഉദ്ദേശിക്കുന്ന പുതുശേരിയിലെ സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു സമയക്ലിപ്തതയും ഉണ്ടായില്ല. സമിതിയിലെ ഏക സാമൂഹിക ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥയായിരുന്നു. ഐഐടിയിലെ ഒരു ജീവനക്കാരനു മൂന്നു മണിക്കൂറോളം കരട് റിപ്പോര്‍ട്ട് പറഞ്ഞു കൊടുത്തു ടൈപ്പ് ചെയ്യിക്കുകയായിരുന്നു. പിന്നീട് ചെന്നൈയിലെത്തിയ ശേഷം ദിവസങ്ങള്‍ കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിച്ചാണ് തെറ്റുകള്‍ തിരുത്തി റിപ്പോര്‍ട്ട് അന്തിമമാക്കിയത്. മാര്‍ച്ച് ഒൻപതിന് കലക്ടര്‍ക്ക് അന്തിമ വിശകലന റിപ്പോര്‍ട്ട് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

അംഗങ്ങള്‍ ഓരോരുത്തരും പ്രതിഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ഫെബ്രുവരി 21-ലെ യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതനുസരിച്ച് മാര്‍ച്ച് ആദ്യവാരമാണ് കലക്ടര്‍ക്കു മെയില്‍ അയച്ചത്. 16 വരെ ഒരു മറുപടിയും ഉണ്ടാകാതിരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കു കത്തയച്ചു. ഒന്നും സംഭവിച്ചില്ല. ഇതോടെ മേയ് 31-നു മുഖ്യമന്ത്രിക്കു പരാതി സമര്‍പ്പിച്ചു. ഇതിനിടെ ധനമന്ത്രി തോമസ് ഐസകുമായും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ജൂണ്‍ 11 ന് 12,000 രൂപ അക്കൗണ്ടിലെത്തി. ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് പാലക്കാട് കലക്ടറുടെ ഓഫിസില്‍നിന്നാണു പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് അറിയുന്നത്.

ഒരു സിറ്റിങിന് 2,000 രൂപ വച്ച് ആറു സിറ്റിങിനു 12,000 രൂപ നല്‍കാനുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവും ഇതിനൊപ്പമുണ്ടായിരുന്നു. ആദ്യം ലഭിച്ച ഉത്തരവിനു നേര്‍വിരുദ്ധമായിരുന്നു ഇത്. രണ്ടു മാസത്തോളം മറ്റൊരു ജോലിയും ഏറ്റെടുക്കാതെ ഇതിനായി മാറ്റിവച്ചതു വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. വിമാനടിക്കറ്റിനും ടാക്‌സിക്കുമായി എണ്ണായിരത്തിലധികം രൂപ ചെലവിട്ടു. പാലക്കാട്ട് താമസസ്ഥലത്തിനും മറ്റു ജോലികള്‍ക്കുമായി പണം ചെലവഴിക്കേണ്ടിവന്നു. അറുപത്തിയെട്ടാം വയസില്‍ അനാരോഗ്യങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തന്നെ അപമാനിച്ചയയ്ക്കുകയാണു ചെയ്‌തെന്നും പ്രഫ. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.