ആദ്യത്തെ മോണോ റെയിൽ പ്രതിസന്ധിയിൽ; വഴിയടഞ്ഞ് മുംബൈയുടെ ‘സ്വപ്നം’

മുംബൈ മോണെ‍‍ാ റെയിൽ. (ഫയൽ ചിത്രം)

മുംബൈ ∙ രാജ്യത്തെ ആദ്യത്തെ മോണോ റെയിൽ പദ്ധതിയായ മുംബൈ മോണോ റെയിലിലെ പ്രതിസന്ധി തുടരുന്നു. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മോണോ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ടം നിലച്ചിട്ടു സർവീസ് പുനഃരാരംഭിച്ചിട്ടില്ലെന്നു മാത്രമല്ല, മുംബൈയിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്ന രണ്ടാംഘട്ടം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയുമാണ്.

ചെമ്പൂർ മുതൽ വഡാല വരെയുള്ള ആദ്യഘട്ടം 2014ലാണു പ്രവർത്തനം ആരംഭിച്ചത്. ഹാർബർ ലൈനിനോടു ചേർന്നുള്ള ഇൗ പാത നഷ്ടത്തിലാണ്. എന്നാൽ, ഹാർബർ ലൈൻ മേഖലയിൽനിന്നു തുടങ്ങി മെയിൻ ൈലൻ, വെസ്റ്റേൺ ലൈൻ എന്നീ ലോക്കൽ ട്രെയിൻ പാതകൾക്കു കുറുകെ കടന്നുപോകുന്ന രണ്ടാംഘട്ടം സർവീസ് ആരംഭിക്കുന്നതോടെ മൂന്നു ലോക്കൽ ട്രെയിൻ പാതകളെയും ബന്ധിപ്പിക്കുന്നതായി അതു മാറും.

ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്നവർക്കു ഹാർബർ ലൈനിൽ കുർളയിൽ ഇറങ്ങി മെയിൻ ലൈൻ ട്രെയിനിൽ ദാദറിൽ എത്തി അവിടെ വെസ്റ്റേൺ ലൈനിലേക്കു മാറിക്കയറേണ്ടിവരുന്ന വിധമുള്ള ബുദ്ധിമുട്ട് ഒഴിവാകുമെന്നതാണു നേട്ടം. എന്നാൽ, കഴിഞ്ഞ നവംബറിൽ മോണോ റെയിൽ ട്രെയിനിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ സർവീസ് പൂർണമായി നിർത്തി.

ഇതോടെ, അതിവേഗം പുരോഗമിച്ചിരുന്ന വഡാല- ജേക്കബ് സർക്കിൾ പാതയുമായി ബന്ധപ്പെട്ട നടപടികളും മന്ദഗതിയിലായി. നിർത്തിവച്ച ഒന്നാംഘട്ടം പുനഃരാരംഭിക്കാൻ ഒരു മാസം കൂടി എടുക്കുമെന്നാണ് അറിയുന്നത്. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനത്തിന് ഇനിയും മാസങ്ങൾ എടുക്കമെന്നാണ് അധികൃതർ നൽകുന്ന സൂചന. നഗരഹൃദയത്തിൽ ഇത്രയേറെ ഇഴഞ്ഞുനീങ്ങുന്ന മറ്റൊരു പദ്ധതിയുണ്ടാകുമോയെന്നു സംശയമാണ്.

ദൈർഘ്യമേറിയ മോണോ: എന്തുനല്ല സ്വപ്നം

ചെമ്പൂർ മുതൽ വഡാലവരെയാണ് ഒന്നാം ഘട്ടം (8.9 കിലോമീറ്റർ). വഡാല മുതൽ ജേക്കബ് സർക്കിൾവരെയാണു രണ്ടാംഘട്ടം (12.14 കിലോമീറ്റർ). രണ്ടു പാതകളും ചേർത്തുവച്ചാൽ ലോകത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ മോണോ റെയിൽവേ സർവീസുകളുടെ ഗണത്തിലേക്ക് എത്തുമെന്നാണ് അധികൃതഭാഷ്യം.

ചെമ്പൂർ- വഡാല: നിരക്കുയരും

സർവീസ് നിർത്തിയ ചെമ്പൂർ– വഡാല പാതയിൽ ഓഗസ്റ്റ് 15നു ഗതാഗതം പുനഃരാരംഭിക്കാനാണ് ആലോചന. എന്നാൽ, സർവീസ് മാസങ്ങളോളം നിർത്തിവച്ചിരിക്കുന്നതിനാൽ പല ജീവനക്കാരും ജോലി വിട്ടിട്ടുണ്ട്. പുതിയ ആളുകളെ എടുത്തു പരിശീലനം നൽകേണ്ടതുണ്ട്. സർവീസ് പുനഃരാരംഭിക്കുമ്പോൾ നിരക്കു വർധിപ്പിക്കാനാണു തീരുമാനം. മിനിമം നിരക്ക് (മൂന്നു കിലോമീറ്റർ വരെ) പത്തായി ഉയരും.

വഡാല - ജേക്കബ്: റേക്കുകൾ കുറവ്

റേക്കുകളുടെ കുറവാണ് രണ്ടാംഘട്ടം സർവീസ് ആരംഭിക്കാനുള്ള പ്രധാന തടസ്സം. കൂടുതൽ ട്രെയിനുകൾ ഇറക്കുമതി ചെയ്യണം. അതോടൊപ്പം, കൂടുതൽ ജീവനക്കാരെ പരിശീലിപ്പിക്കുകയും വേണം. 8.9 കിലോമീറ്ററിൽനിന്ന് 22 കിലോമീറ്ററിലേക്ക് പാതയുടെ ദൈർഘ്യവും സർവീസും വർധിപ്പിക്കുമ്പോൾ വലിയതോതിലുള്ള സുരക്ഷാസംവിധാനമുൾപ്പെടെയുള്ള നടപടികളും ഉറപ്പാക്കേണ്ടതുണ്ട്.