റോഡിൽ 20,000 കുഴികൾ; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മുംബൈ നഗരം!

മഴയിൽ മുംബൈ നഗരത്തിൽ ഗതാഗതം. (ഫയൽ ചിത്രം)

മുംബൈ ∙ ഏറ്റവും കൂടുതൽ കുണ്ടും കുഴിയുമുള്ള റോഡുകൾ ഉള്ള നഗരമെന്ന നിലയിൽ മുംബൈയുടെ പേര് ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ ശ്രമവുമായി മുംബൈ നിവാസി. ഇത്തരം ഒരു ശ്രമത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ പുറത്തു കൊണ്ടുവരികയാണു ലക്ഷ്യമെന്ന് ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുന്ന നവിൻ ലാ‍ഡെ പറയുന്നു. മുംബൈയിലെ റോഡുകളിൽ 20,000ൽ പരം കുഴികളുണ്ടെന്ന മാധ്യമവാർത്തകളാണ് ലാഡെയ്ക്കു പ്രചോദനമായത്.

നിലവിൽ ഗിന്നസിൽ ഇത്തരമൊരു റെക്കോർഡ് ഇല്ല. എന്നാൽ, നഗരവാസികളെ കൊലയ്ക്കു കൊടുക്കുന്ന കുഴികളിലൂടെ മുംബൈയ്ക്ക് ഈ കുപ്രസിദ്ധി നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം ജനറൽ സെക്രട്ടറികൂടിയായ ലാഡെ. ഇദ്ദേഹം ഇപ്പോൾ ഗിന്നസ് അധികൃതർക്കു തെളിവായി സമർപ്പിക്കാൻ ആവശ്യമായ ഫോട്ടോകൾ, വിഡിയോകൾ, മാധ്യമ വാർത്തകൾ എന്നിവ ശേഖരിച്ചുവരികയാണ്. 

ഗിന്നസിൽ മുംബൈയുടെ പേരു ചേർത്ത് മുനിസിപ്പൽ അധികൃതരെ നാണംകെടുത്താൻ നഗരവാസികളുടെ സഹായവും ലാഡെ ആവശ്യപ്പെട്ടിട്ടുണ്ട്. 350 രൂപ അപേക്ഷാ ഫീസ് അടച്ചാണ് ഗിന്നസിൽ അപേക്ഷിച്ചിരിക്കുന്നത്. നാലു ദിവസത്തിനകം ഗിന്നസിന്റെ മറുപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.