വ്യാജ കോൾസെന്റർ തട്ടിപ്പ്: എഫ്ബിഐയുടെ സഹായം തേടി പൊലീസ്

എഫ്ബിഐ.

താനെ ∙ താനെ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 21 ഇന്ത്യക്കാരെ ശിക്ഷിച്ച യുഎസ് കോടതിയുടെ സഹായം തേടി പൊലീസ്. യുഎസ് കോടതിക്ക് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) സമർപ്പിച്ച തെളിവുകൾ സമാനകേസിൽ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നാണ് താനെ പൊലീസ് ആലോചിക്കുന്നത്.

താനെ കേന്ദ്രമായി പ്രവർത്തിച്ച വ്യാജകോൾ സെന്ററും ശാഖകളും അമേരിക്കൻ പൗരന്മാരായ നികുതിദായകരിൽനിന്നു കോടികൾ തട്ടിച്ചെടുത്തുവെന്നാണ് കേസ്. എഫ്ബിഐ ഉദ്യോഗസ്ഥർ 2016ൽ താനെ സന്ദർശിച്ച് പൊലീസിന്റെ സഹായം തേടിയിരുന്നു. ഇതിലെ പ്രതികളെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് താനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഈ കേസിൽ നാലു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷയാണ് യുഎസ് കോടതി കഴിഞ്ഞയാഴ്ച വിധിച്ചത്. സമാനമായ മറ്റൊരു തട്ടിപ്പ് താനെയിൽ പൊലീസ് അടുത്തിടെ കണ്ടെത്തിയിരുന്നു.