സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ഇന്റർപോൾ

സാക്കിർ നായിക്ക് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ തയാറാകാതെ ഇന്റർ‌പോൾ. കഴിഞ്ഞ വർഷം മേയ് 19–നാണ് സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യം അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇതുവരെയും ഇന്റർപോൾ അതിനു തയാറായിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ഗംഗാറാം ആഹിർ രാ‍ജ്യസഭയിൽ പറ‍ഞ്ഞു.

മേയിൽ സമർപ്പിച്ച അപേക്ഷയുടെ കൂടുതൽ വിശദീകരണം ഓഗസ്റ്റിൽ ഇന്റർപോൾ ആരാ‍‍ഞ്ഞിരുന്നു. ഇതു സംബന്ധിച്ച മറുപടി ഒക്ടോബറിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ സാക്കിർ നായിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ റെഡ് കോർണർ നോട്ടിസ് നിലനിൽക്കുകയില്ലെന്നു കാണിച്ച് ഇന്റർപോൾ തള്ളി. ഇതിനെ തുടർന്നു സാക്കിർ നായിക്കിനെതിരെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ വർഷമാദ്യം വീണ്ടു അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇന്റർപോളിന്റെ ഭാഗത്തു നിന്നു തുടർനടപടികളുണ്ടായില്ലെന്ന് ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു