മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ: കേസുകൾ ദേവികുളം സബ് കോടതിയിലേക്ക് മാറ്റിയേക്കും

മൂന്നാർ∙ നടപ്പാക്കാൻ അധികാരമില്ലാതെ വിധികൾ പുറപ്പെടുവിച്ച് ആർക്കും ഉപകാരമില്ലാതെ ഏഴു വർഷമായി പ്രവർത്തിച്ച മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണലിന് ഒടുവിൽ അകാല ചരമം.

ടൈബ്ര്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനിച്ചത്. ഇവിടെ നിലവിലുള്ള കേസുകൾ ദേവികുളം സബ് കോടതിയിലേക്ക് മാറ്റുമെന്നാണ് സൂചന.

ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ എട്ട് വില്ലേജുകളിൽ സർക്കാർ കക്ഷിയായ ഭൂമി തർക്കങ്ങൾ തീർപ്പാക്കാൻ ലക്ഷ്യമിട്ട് 2011 ഫെബ്രുവരിയിലാണ് മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ നിലവിൽ വന്നത്. മൂന്നാറിലെ സർ‌ക്കാർ ഭൂമി അന്യാധീനപ്പെടുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

സർക്കാർ കക്ഷിയായ ഭൂമി തർക്ക കേസുകൾ കൂടാതെ സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വസ്തു തർക്കങ്ങളും 2013 മുതൽ ട്രൈബ്യൂണൽ പരിഗണിച്ചിരുന്നു. 1,200 ൽപരം കേസുകളാണ് ഈ കാലയളവിൽ ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വന്നത്. ഇതിൽ അഞ്ഞൂറോളം കേസുകളിൽ തീർപ്പും കൽപ്പിച്ചു. സർക്കാർ കക്ഷിയായ കേസുകളാണ് ഇതിൽ കൂടുതലും.

സർക്കാരിന് അനുകൂലമായി വിധിയുണ്ടായ കേസുകളിൽ ഒന്നിൽപ്പോലും വിധി നടപ്പാക്കി ഭൂമി തിരികെ പിടിക്കാൻ കഴിഞ്ഞില്ല . വിധി പുറപ്പെടുവിച്ച ട്രൈബ്യൂണലിന് അത് നടപ്പാക്കാൻ അധികാരം ഇല്ലാത്തതാണ് കാരണം. വിധി നടത്തിപ്പിന് നടപടി സ്വീകരിക്കേണ്ടത് ജില്ലാ കലക്ടറാണ്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള കേസുകളുടെ സ്ഥിതിയും ഇതു തന്നെ. ട്രൈബ്യൂണലിലെ വിധികളുടെ നടത്തിപ്പ് പെറ്റീഷൻ ഫയലിൽ സ്വീകരിക്കാൻ മറ്റ് കോടതികൾക്ക് കഴിയുകയുമില്ല.

ചെയർമാനും രണ്ട് ജുഡിഷ്യൽ അംഗങ്ങളും അടങ്ങിയതാണ് ട്രൈബ്യൂണൽ. ഇതിൽ ചെയർമാന്റെ കസേര 2016 ഫെബ്രുവരി മുതൽ ഒഴിഞ്ഞു കിടക്കുന്നു. 39 ജീവനക്കാരുടെ തസ്തിക ഉണ്ടായിരുന്നെങ്കിലും ഉള്ളത് മൂന്ന് പേർ മാത്രം. അതുകൊണ്ടു തന്നെ മാസം ലക്ഷങ്ങൾ ചെലവിട്ട് പ്രവർത്തനം തുടർന്നിരുന്നെങ്കിലും എന്തുദ്ദേശത്തോടെയാണോ രൂപകരിച്ചത് അത് നടപ്പാക്കാൻ‌ ഈ സംവിധാനത്തിന് കഴിഞ്ഞിരുന്നില്ല.