കാർ വലുപ്പമുള്ള മുറിയിൽ 5 പേർ, ചുറ്റിലും ദുർഗന്ധം; തലതാഴ്ത്തിക്കും ഡൽഹി ചേരി

മൂന്നു കുട്ടികൾ പട്ടിണിമരണത്തിനിടയായ സംഭവത്തിൽ കുട്ടികളുടെ അമ്മ ബീനയെയും ബന്ധുവിനെയും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി സന്ദർശിക്കുന്നു. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഈസ്റ്റ് ഡൽഹിയിലെ മണ്ഡാവ്‌ലിയിലുള്ള ഈ പ്രദേശത്തേക്കു വരാൻ ഓട്ടോറിക്ഷക്കാർ ഒന്നുമടിക്കും. അത്രയേറെ ദുർഗന്ധമാണ്. 800 കോടി മുടക്കി അടുത്തിടെ നിർമിച്ച മീററ്റ്– ഡൽഹി എക്സ്പ്രസ്‌വേയുടെ അരികത്തുനിന്ന് അകത്തേക്കുള്ള ഇടുങ്ങിയ വഴികളിലൊന്ന് അവസാനിക്കുന്നത് തലാബ് ചൗക്കിലെ തിങ്ങിക്കൂടിയ കെട്ടിടങ്ങൾക്കു മുന്നിലേക്കാണ്. പൊട്ടിപ്പൊളിഞ്ഞ വഴി. പ്രദേശത്താകെ മാലിന്യത്തിന്റെയും മനുഷ്യ വിസർജ്യത്തിന്റെയും ദുർഗന്ധം. ഇവിടേക്കാണ് ആ മാതാപിതാക്കളും മൂന്നു കുഞ്ഞുമക്കളും ജൂലെ 21ന് എത്തിയത്.

ടിവിയിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള വിഐപി നേതാക്കൾ ഇപ്പോൾ കൂട്ടമായി ഇവിടെയെത്തുന്നു. അവരെ ആദ്യമായി നേരിൽ കാണുന്നതിന്റെ അമ്പരപ്പിലാണ് മണ്ഡാവ്‌ലിയിലെ തലാബ് ചൗക്കിൽ ജീവിക്കുന്നവർ. ഡൽഹിയിലെ ചേരിപ്രദേശത്ത് താമസിച്ചിരുന്ന കുടിൽ കനത്ത മഴയിൽ മുങ്ങിപ്പോയതാണു മംഗളും കുടുംബവും ഇങ്ങോട്ടു മാറാൻ കാരണം. എന്നാൽ അഞ്ചാം നാൾ, ജൂലൈ 26ന് മാൻസി (8), പാറോ (5), സുഖോ (2) എന്നീ മൂന്നു കുരുന്നു മക്കളും ലോകത്തോടു വിടപറഞ്ഞു.

ഒരാഴ്ചയോളം വിശന്നുവലഞ്ഞ്, വയറിളക്കവും ഛർദ്ദിയും പിടിപെട്ട്, ശൂന്യമായ കുടലും ആമാശയവുമായിട്ടായിരുന്നു കുട്ടികളുടെ ദാരുണാന്ത്യം. അവരുടെ പിതാവ് മംഗൾ സിങ്ങിനെ പൊലീസ് തിരയുകയാണ്. അമ്മ ബീന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. മക്കൾക്കു മംഗൾ ചൂടുവെള്ളത്തിൽ എന്തോ ചാലിച്ചു നൽകിയതായി ബീന മൊഴി നൽകിയിട്ടുണ്ട്.

24നു വീട്ടിൽ നിന്നിറങ്ങിയ മംഗൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ബംഗാളിലെ ഇയാളുടെ ഗ്രാമത്തിലേക്കുൾപ്പെടെ അന്വേഷണം ശക്തമാക്കി. വിഷയം രാജ്യസഭയിൽ ഉൾപ്പെടെ വൻ ചർച്ചയായി. ഒപ്പം പട്ടിണി മരണം നടന്ന സ്ഥലത്തെ ദാരുണാവസ്ഥയും വെളിച്ചത്തിലേക്കുവന്നു. അധികാര സിരാകേന്ദ്രമായ ഡൽഹിയിലെ ഒരുവിഭാഗം ജനങ്ങൾ ഇപ്പോഴും ജീവിക്കുന്ന യഥാർഥ അവസ്ഥ അറിയണമെങ്കിൽ തലാബ് ചൗക്കിലേക്കു വരണമെന്നും നാട്ടുകാർ പറയുന്നു.

കാർ വലിപ്പമുള്ള വീട്!

മംഗളും ബീനയും കുട്ടികളുമായെത്തിയ പുതിയ ‘വീട്’ ഇടുങ്ങിയ മുറിയാണ്– ഒരു കാറിന്റെ അകത്തുള്ളത്ര സ്ഥലസൗകര്യം മാത്രം! ജനൽ പോലുമില്ലാതെ ശ്വാസം മുട്ടിക്കുന്ന ഒറ്റമുറി വീട്ടിൽ ആകെയുള്ളത് ഒരു മരക്കട്ടിലും കസേരയും ഏതാനും പാത്രങ്ങളും. ജീവിതം നിശ്ചലമാണെങ്കിലും നാളുകൾ മുന്നോട്ടു പോകുകയാണെന്ന ഓർമപ്പെടുത്തലിനായി ചുമരിൽ തൂങ്ങിയാടുന്ന കലണ്ടറുമുണ്ട്. അഞ്ചു പേർക്കു പോയിട്ട് ഒരാൾക്കു പോലും ജീവിക്കാനാവില്ല.

അത്തരത്തിലുള്ള 10-12 മുറികളുണ്ടായിരുന്നു ആ കെട്ടിടത്തിൽ. താമസിക്കുന്നതാകട്ടെ നാൽപതോളം പേരും. അവരിലേറെയും തൊഴിലാളികളും റിക്ഷ വലിക്കുന്നവരും ചേരികളിൽ പണിയെടുക്കുന്നവരും. റിക്ഷ വലിച്ചാൽ പരമാവധി 300 രൂപയാണ് ദിവസം കിട്ടുക. അതിൽ 150-200 രൂപ വാഹനത്തിന്റെ വാടകയിനത്തിൽ പോകും. മംഗളിന്റെ മുറിയുള്ള കെട്ടിടത്തോടു ചേർന്നാണു മാലിന്യം വലിച്ചെറിയുന്ന സ്ഥലം. പ്രദേശവാസികൾ ‘ശുചിമുറി’യായും ഉപയോഗിക്കുന്നത് ഈ വെളിമ്പ്രദേശമാണ്. അതിനാല്‍ അതിരൂക്ഷമായ ദുർഗന്ധമാണു ചുറ്റിലും.

കുട്ടികളുടെ മരണം പുറത്തു വരുന്നതിനു മുൻപുള്ള ദിവസങ്ങളിലൊന്നും മൂന്നുപേരെയും അയൽവാസികൾ പോലും കണ്ടിരുന്നില്ല. ബീനയാകട്ടെ അധികമാരോടും സംസാരിക്കാറുമില്ല. പൊലീസ് കൊണ്ടുപോകുമ്പോൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. ബീനയ്ക്കു തനിയെ മക്കളെ സംരക്ഷിക്കാൻ സാധിക്കുമായിരുന്നെന്നു തോന്നുന്നില്ലെന്ന് അയൽക്കാർ പറയുന്നു. മംഗളിനെയാകട്ടെ മരണത്തിനു തൊട്ടുമുൻപത്തെ ദിവസം കാണാതാകുകയും ചെയ്തു.

പട്ടിണി മരണത്തിനുപിന്നാലെ പൊലീസും വിഐപി നേതാക്കളും ഉൾപ്പെടെ മണ്ഡാവ്‌ലിയിലെ ഈ പ്രദേശത്തേക്ക് നിരനിരയായി എത്തുകയാണ്. എന്നാൽ ഇത്തരത്തിലൊരു ദുരന്തം ഉണ്ടായി, മാധ്യമങ്ങളിൽ‌ വാർത്ത വന്നശേഷമേ ചേരിപ്രദേശത്തേക്ക് ഉൾപ്പെടെ നേതാക്കൾ എത്തുന്നുള്ളൂവെന്നാണു പ്രദേശവാസികളുടെ പരാതി. മികച്ച ജീവിത സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.