വായ്പകൾ തിരിച്ചടച്ചില്ല: എയർ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ അഞ്ച് നോട്ടിസ്

ന്യൂഡൽഹി∙ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയർ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

യുഎസ് കേന്ദ്രമാക്കിയുള്ള വെൽസ് ഫാർഗോ ട്രസ്റ്റ് സർവീസസ്, യുഎഇ കേന്ദ്രമാക്കിയുള്ള ദുബായ് എയറോസ്പേസ് എന്റർപ്രൈസ് (ഡിഎഇ) എന്നീ വിമാന കമ്പനികളാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വിമാനങ്ങൾ പാട്ടത്തിനു നൽകിയതിലുള്ള കുടിശിക അടയ്ക്കാത്തതിലാണ് നോട്ടിസെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമാണ് എയർ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. വായ്പയും കുടിശികയും തിരിച്ചടയ്ക്കുന്നതിനായി ഓഗസ്റ്റ് അവസാനം വരെ എയർ ഇന്ത്യ സമയം ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ഇതിനെ കുറിച്ചു പ്രതികരിക്കാൻ വിമാന കമ്പനികളും ബാങ്കുകളും തയാറായില്ല.

അതേസമയം, എയര്‍ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് എയർ ഇന്ത്യയുടെ 76% ഓഹരി വിൽക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം സർക്കാർ ഉപേക്ഷിച്ചിരുന്നു.