ഞെട്ടിച്ച് അന്തിമ റിപ്പോർട്ട്: മലേഷ്യൻ വിമാനം റൂട്ട് മാറിപ്പറന്നു; ചോദ്യങ്ങള്‍ ഇനിയും ബാക്കി

മലേഷ്യൻ വിമാനത്തിൽ നിന്നു കാണാതായവരെ അനുസ്മരിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ക്വാലലംപുരിൽ നടന്ന ചടങ്ങിൽ നിന്ന്. ചിത്രം: എഎഫ്പി

ക്വാലലംപുർ∙ മലേഷ്യയിൽ നിന്നു ചൈനയിലെ ബെയ്ജിങ്ങിലേക്കു പോയ എംഎച്ച് 370 വിമാനം പാതിവഴിയിൽ അപ്രത്യക്ഷമായ സംഭവത്തിൽ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടിൽ നിന്നു മനഃപൂർവം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തൽ. എന്നാൽ ഇതിന്റെ കാരണക്കാരെ കണ്ടെത്താൻ എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിനു സാധിച്ചില്ല. നേരത്തേ സാങ്കേതിക തകരാർ കൊണ്ടാണു വിമാനം തകർന്നതെന്നായിരുന്നു നിഗമനം.

495 പേജുള്ള അന്തിമ റിപ്പോർട്ട് വന്നതോടെ ചോദ്യങ്ങളും ഏറെ ബാക്കി. എന്നാൽ അവയ്ക്കുള്ള ഉത്തരം പോലും നൽകാൻ മലേഷ്യൻ അധികൃതർക്കു സാധിച്ചില്ലെന്നു കാണാതായവരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ല. നാലു വർഷം കൊണ്ടു തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ നിരാശാജനകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.

അന്തിമ റിപ്പോർട്ട് കൂടി സമർപ്പിച്ചതോടെ ലോകത്തിൽ ഇനിയും തെളിയിക്കാൻ സാധിക്കാത്ത അസാധാരണ രഹസ്യങ്ങളുടെ മുൻനിരയിലേക്ക് മലേഷ്യൻ വിമാനത്തിന്റെ തിരോധാനവും എത്തി. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാർച്ച് എട്ടിനു കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ തങ്ങളുടെ അന്വേഷണത്തിന്റെ അടുത്ത തലത്തിലേക്കു പോകാനാകുകയുള്ളൂവെന്നും ഇൻവെസ്റ്റിഗേഷൻ സംഘത്തലവൻ കോക് സൂ ചോൻ പറഞ്ഞു. 

വിമാനം കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ യുഎസ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയെയാണ് അവസാനമായി മലേഷ്യ സമീപിച്ചത്. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 1.12 ലക്ഷം ച.കി.മീ. പ്രദേശത്തു നടത്തിയ തിരച്ചിലിൽ പക്ഷേ യാതൊന്നും കണ്ടെത്താനായില്ല. മൂന്നു മാസത്തിനൊടുവിൽ മേയ് 29ന് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ നടത്തിയ തിരച്ചിലിലും യാതൊന്നും കണ്ടെത്താനായില്ല. തിരച്ചിലിനായി ചെലവിട്ടതാകട്ടെ 20 കോടി ഡോളറും (ഏകദേശം 1300 കോടി രൂപ). 

ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പതിക്കും മുൻപ് എന്തു കൊണ്ടാണ് ആയിരക്കണക്കിനു കിലോമീറ്റര്‍ നിശ്ചിത റൂട്ടിൽ നിന്നു വിമാനം മാറിപ്പറന്നതെന്ന കാര്യമാണ് അന്വേഷകരെ കുഴക്കുന്നത്. റഡാറിൽ ഉൾപ്പെടെ വിമാനത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ട്രാൻസ്പോണ്ടറും അവസാനനിമിഷം ആരോ മനഃപൂർവം ഓഫ് ചെയ്തുവെന്ന നിഗമത്തിലും അന്വേഷണ സംഘമെത്തി.

മലേഷ്യയുടെ ആകാശപാതയിൽ നിന്നു മാറിയപ്പോൾ ‘ഗുഡ് നൈറ്റ്, മലേഷ്യൻ ത്രീ സെവൻ സീറോ’ എന്ന് ക്യാപ്റ്റൻ നൽകിയ സന്ദേശമാണ് വിമാനത്തിൽ നിന്ന് അവസാനമായി പുറംലോകത്തെത്തിയതും. അന്വേഷണ സംഘം പൈലറ്റിന്റെയും ഫസ്റ്റ് ഓഫിസറുടെയും പശ്ചാത്തലവും പഠിച്ചു. ഇരുവരുടെയും മാനസികാരോഗ്യനില ഉൾപ്പെടെ അന്വേഷിച്ചു മനസ്സിലാക്കി. എല്ലാം തൃപ്തികരമായിരുന്നു. 

വിമാനത്തിന്റെ തിരോധാനത്തിനു പിന്നിൽ പൈലറ്റുമാരാണെന്നും അന്വേഷകർ കരുതുന്നില്ല. അപ്പോഴും വിമാനത്തിന്റെ ഗതി മാറ്റിയതും, ട്രാക്കിങ് ഉപകരണങ്ങൾ ഓഫ് ചെയ്തതും ആരുടെയോ ഇടപെടലിലാണെന്നതു വ്യക്തം. മൂന്നാമതൊരാൾ പ്രശ്നത്തിൽ ഇടപെട്ടോ എന്നും തിരിച്ചറിയാനാകുന്നില്ല. വിമാനത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരുടെയും പശ്ചാത്തലവും പരിശോധിച്ചു. എല്ലാ രാജ്യത്തു നിന്നും ‘ക്ലീൻ’ റിപ്പോർട്ടാണു ലഭിച്ചത്. 

കാണാതായവരുടെ ബന്ധുക്കൾക്ക് റിപ്പോർട്ടിലെ വിവരങ്ങൾ അന്വേഷണ സംഘം കൈമാറി. സംഭവത്തിൽ കമ്പനിയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നു പരിശോധിക്കണമെന്ന് ബന്ധുക്കളുടെ കൂട്ടായ്മയായ വോയിസ് 370 നേരത്തേ ആവശ്യപ്പെട്ടിരുന്നു. എംഎച്ച് 370യുടെ മെയിന്റനന്‍സ് റിപ്പോർട്ട് ഉൾപ്പെടെ കമ്പനി സൂക്ഷിക്കുന്നുണ്ടോ, അവയില്‍ കൃത്രിമം കാണിച്ചോ എന്നെല്ലാം അന്വേഷിക്കാനും ഇവർ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.