സ്കറിയ തോമസുമായി ലയനത്തിനില്ലെന്ന് ആർ. ബാലകൃഷ്ണപിള്ള

സ്കറിയ തോമസ്, ആർ. ബാലകൃഷ്ണപിള്ള

കൊല്ലം∙ സ്കറിയ തോമസുമായി ലയനത്തിനില്ലെന്നു കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ് (ബി) തനിച്ച് ഇടതുമുന്നിയിൽ ചേരും. നിലവിൽ സ്കറിയ തോമസുമായി ചർച്ചയ്ക്കില്ലെന്നും പിള്ള വ്യക്തമാക്കി. പിള്ളയുടെയും സ്കറിയ തോമസിന്റെയും കേരള കോൺഗ്രസുകൾ തമ്മിൽ ലയിക്കുന്നതിനായി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ചില വ്യവസ്ഥകളിൽ ഒരുമിക്കാനാകാതെ പിരിഞ്ഞു. കൂടാതെ കേരള കോൺഗ്രസിനെ (ബി) മുന്നണിയിലെടുക്കണമെന്നാവശ്യപ്പെട്ട് ആർ.ബാലകൃഷ്ണപിള്ള സിപിഎമ്മിനും സിപിഐക്കും കത്തുനൽകുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച കൊല്ലത്ത് ആശ്രാമം ഗെസ്റ്റ് ഹൗസിലെത്തി പിള്ളയും സ്‌കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ചർച്ച നടത്തിയിരുന്നു. തുടർന്നാണു ചൊവ്വാഴ്ച സംയുക്ത വാർത്താസമ്മേളനം വിളിച്ചത്. എന്നാൽ, ചെയർമാൻ സ്ഥാനം ആർക്കാണെന്നതിനെ ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിക്കാനാകാതെ വന്നതോടെ വാർത്താസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാട് സ്‌കറിയ തോമസ് പിള്ളയെ അറിയിക്കുകയായിരുന്നു.

ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എന്ന പേരിൽ ഒരു കക്ഷി മതി എന്ന സിപിഎം നിർദേശത്തെതുടർന്നാണ് പിള്ള - സ്കറിയ തോമസ് വിഭാഗങ്ങൾ ലയിക്കാൻ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ഇടതുമുന്നണിയുമായി സഹകരിക്കുന്ന, ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് കേരള കോൺഗ്രസ്, പി.സി.ജോർജ് വിഭാഗം എന്നിവയുമായും സിപിഎമ്മും മുന്നണി നേതൃത്വവും ആശയവിനിമയം നടത്തിയിരുന്നു.