ടൂറിസ്റ്റ് ബസിൽ ‘ഇടിവെട്ട്’ പാട്ടും ലൈറ്റും; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം∙ നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. എല്‍ഇഡി, ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച 964 ബസുകള്‍ അധികൃതര്‍ പിടികൂടി. ചില ബസുകളില്‍ യാത്രക്കാര്‍ക്ക് നൃത്തം ചെയ്യുന്നതിനായി പ്രത്യേകം ഡാന്‍സ് ഫ്ലോറുകള്‍ സജ്ജമാക്കിയിരുന്നതായും പരിശോധനയില്‍ വ്യക്തമായി. നിയമം ലംഘിച്ച ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. 

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നാണ് കൂടുതല്‍ ബസുകള്‍ പിടിച്ചെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിനോദയാത്ര പോകാന്‍ ഇത്തരം ബസുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്സുകളും ഘടിപ്പിച്ച വാഹനങ്ങളിലെ യാത്ര ഒഴിവാക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച കത്ത് ട്രാന്‍സ്പോർട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ ഐപിഎസ് ഉടന്‍ കൈമാറും.

ടൂറിസ്റ്റു ബസുകള്‍ നിയമലംഘനം നടത്തുന്നതായി പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് രണ്ടു ദിവസം മുന്‍പ് പരിശോധന ആരംഭിച്ചത്. ബസില്‍ അനധികൃതമായി സ്ഥാപിച്ച സൗണ്ട് ബോക്സിലെ ഒച്ച താങ്ങാനാകാതെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ ഒരാളുടെ പരാതിയും വകുപ്പിന് ലഭിച്ചു. നിയമപരമായി 125 ഡെസിബല്ലിനകത്തുള്ള ശബ്ദമാണ് വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. എന്നാല്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ സൗണ്ട് ബോക്സും ലൈറ്റും ഘടിപ്പിച്ച ബസുകള്‍ പരിശോധനയില്‍ കണ്ടെത്തി. 

‘പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും’ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.