കൊക്കെയ്നുമായി നൈജീരിയൻ പൗരൻ കണ്ണൂരിൽ പിടിയിൽ

പിടിയിലായ നൈജീരിയൻ പൗരൻ സ്റ്റേഷനിൽ.

കണ്ണൂർ∙ കൊക്കെയ്നുമായി നൈജീരിയൻ പൗരൻ പിടിയിൽ. ബുധനാഴ്ച രാത്രി നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന കണ്ണുർ ടൗൺ സിഐ ടി.കെ. രത്നകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണു നൈജീരിയൻ പൗരൻ കുടുങ്ങിയത്.

നഗരത്തിലെ മുഴുവൻ ലോഡ്ജുകളും പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സൈബർ സെൽ ഉദ്യോഗസ്ഥരായ രൂപേഷ്, വിജേഷ് എന്നിവരുടെ സഹായത്തോടെ ആയിരകണക്കിനു ടെലിഫോൺ കോളുകൾ പരിശോധിച്ചപ്പോൾ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ടവറിൽനിന്നു നൈജീരിയയിലേക്കു കോളുകൾ പോയതായി മനസിലായി. തുടർന്നാണ് എസ്ഐ ശ്രീജിത്ത് കൊടേരി എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ രാജീവൻ, മഹിജൻ, സിവിൽ പൊലീസ് ഓഫിസർമാരായ സഞ്ജയ്, മിഥുൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണു റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന നൈജീരിയൻ പൗരനെ വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ റീജിയനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തി ഇയാളിൽനിന്നു പിടിച്ചെടുത്തത് കൊക്കെയ്ൻ ആണെന്നു സ്ഥിരികരിച്ചിട്ടുണ്ട്. കണ്ണൂർ ഡിവൈഎസ്പി സദാനന്ദൻ ഇയാളെ ചോദ്യം ചെയ്തു. എന്നാൽ തന്റെ മൂത്ത സഹോദരനുമായി ഖത്തറിൽ ബിസിനസ് പങ്കാളിയായ മലയാളി വിളിച്ചിട്ടാണു കേരളത്തിൽ വന്നതെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാൽ മലയാളിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇതു വ്യാജമാണെന്നു വ്യക്തമായി. കേരളത്തിൽ വ്യാപകമായ മയക്കുമരുന്നു ശ്യംഖലയുടെ കണ്ണിയാണോ ഇയാളെന്നും സംശയമുണ്ട്. യാതൊരു യാത്രാരേഖകളുമില്ലാതെയാണ് ഇയാൾ കേരളത്തിൽ വന്നത്.