ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവം; കേജ്‍രിവാളിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമീപം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനു മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉൾപ്പെടെ പ്രതികളാക്കി പൊലീസിന്റെ കുറ്റപത്രം. ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ കേജ്‍രിവാളിനു പുറമേ 11 മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേരുകളുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തിയപ്പോൾ അർധരാത്രി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായെന്നാണു പരാതി.

കേജ്‍രിവാൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു തനിക്കു മർദനമേറ്റതെന്നു അൻഷു പ്രകാശ് നേരത്തേ പരാതി ഉന്നയിച്ചിരുന്നു. സംഭവം നടന്ന ദിവസം സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ പരസ്യങ്ങൾ വൈകിപ്പിച്ചതിൽ ഡൽഹി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എംഎൽഎമാരുമായി വാക്കു തർക്കവുമുണ്ടായി. തുടർന്ന് അമാനത്തുല്ല ഖാൻ, പ്രകാശ് ജാർവാൾ എന്നിവർ തന്നെ അക്രമിക്കുകയായിരുന്നെന്നാണ് അൻഷു പ്രകാശ് പൊലീസിനോടു പറഞ്ഞത്.

അമാനത്തുല്ല ഖാനെയും പ്രകാശ് ജാർവാളിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിന്റെ മുൻ ഉപദേശകൻ വി.കെ. ജെയ്നിനെയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ പരാതി ഡൽഹി സർക്കാർ തള്ളിക്കളഞ്ഞു. യോഗത്തിനു ശേഷം ഉദ്യോഗസ്ഥർ സുരക്ഷിതരായി പുറത്തുപോകുന്നതിന്റെ സിസിടിവി വിഡിയോയും സർക്കാർ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തോടെ ഡൽഹിയിൽ സർക്കാരുമായി നിസഹകരണ സമീപനമാണ് ഐഎഎസ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ലഫ്റ്റ്നന്റ് ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിൽ കേജ്‍രിവാൾ പ്രതിഷേധം നടത്തിയപ്പോഴാണ് ഇതു പരിഹരിക്കപ്പെട്ടത്.