കര്‍ണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം ലഭിക്കും; 50 വർഷം നീണ്ട തർക്കത്തിനു പരിഹാരം

മഹാദായി നദി (ട്വിറ്റർ ചിത്രം)

ബെംഗളൂരു∙ വെള്ളത്തിനായി ഗോവയും കർണാടകയും തമ്മിൽ 50 വർഷമായി നിലനിന്നിരുന്ന തർക്കത്തിന് ഒടുവിൽ പരിഹാരം. മഹാദായി നദിയിൽ നിന്ന് കര്‍ണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം കൊണ്ടുപോകാമെന്നു മഹാദായി നദീജല ട്രിബ്യൂണല്‍ അറിയിച്ചു. മുംബൈ–കർണാടക മേഖലയ്ക്കു കുടിവെള്ളത്തിനായി 5.5 ടിഎംസി അടി, വൈദ്യുതോൽപാദനത്തിന് 8.2 ടിഎംസി, കലാസ, ബാൻദുരി നദികൾക്ക് 1.12 ടിഎംസി, 2.18 ടിഎംസി വെള്ളവുമാണ് ലഭിക്കുക.

തങ്ങളുടെ ജനസംഖ്യയുടെ ഭൂരിഭാഗവും മഹാദായി നദിയെ ആശ്രയിച്ചാണു ജീവിക്കുന്നതെന്നു ഗോവ അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിനായി കർണാടക വെള്ളം ശേഖരിച്ചുവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഗോവ ട്രിബ്യൂണലിനെ അറിയിച്ചു. തീരുമാനം ഗോവയോടു നീതിപുലർത്തുന്നതാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അറിയിച്ചു. ഗോവയുടെ ജീവരേഖയായ നദിയെ സംരക്ഷിക്കുന്നതിനായി പോരാടിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പരീക്കർ പറഞ്ഞു.

ട്രിബ്യൂണൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മഹാദായി ഹൊറാത്ത സമിതിയും അറിയിച്ചു. കര്‍ണാടകയിലെ ജനങ്ങൾക്ക് ഒടുവില്‍ നീതി ലഭിച്ചതായും അവർ വ്യക്തമാക്കി. ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കിടയിൽ നദിയെച്ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിക്കാൻ സാധിക്കാത്തതിനാൽ 2010 ൽ രണ്ടാം യുപിഎ സർക്കാരാണ് ട്രിബ്യൂണൽ രൂപീകരിച്ചത്. മൂന്നു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ടശേഷം ചൊവ്വാഴ്ചയാണ് ട്രിബ്യൂണൽ വിധി പ്രസ്താവിച്ചത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു മഹാദായി നദീജലതർക്കം. കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രശ്നപരിഹാരത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നു തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസ്, ജെഡിഎസ് കക്ഷികൾ ആരോപിച്ചിരുന്നു.

മഹാരാഷ്ട്ര, കർണാടക, ഗോവ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയാണു മഹാദായി. ഗോവയിൽ മണ്ഡോവി എന്നാണു നദി അറിയപ്പെടുന്നത്. മൂന്നു സംസ്ഥാനങ്ങളും തമ്മിൽ വർഷങ്ങൾ നീണ്ട തർക്കമാണ് നദിയെച്ചൊല്ലി ഉള്ളത്. ധർവാർ, ഹാവേരി, ബെൽഗാം, ബിജാപുർ, ഭഗൽകോട്ട് ജില്ലകളിൽ മഹാദായി പ്രശ്നം വലിയ തിരഞ്ഞെടുപ്പു വിഷയമായിരുന്നു.