വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് എയിംസിന്റെ വാർത്താക്കുറിപ്പ്

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒൻപത് ആഴ്ചയായി ആശുപത്രിയിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.

ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. രാത്രി 7.15നാണ് പ്രധാനമന്ത്രി മോദി ആശുപത്രിയിലെത്തിയത്. ഏതാണ്ട് 50 മിനിറ്റോളം സമയം അദ്ദേഹം ഇവിടെ ചെലവിട്ടു.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, രാധാ മോഹൻ സിങ്, പിയുഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ.ഹർഷവർധൻ, സുരേഷ് പ്രഭു, ബിജെപി എംപി മീനാക്ഷി ലേഖി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരും വാജ്പേയിയെ സന്ദർശിച്ചു.

ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം, മൂത്രതടസ്സം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്നാണു വാജ്പേയിയെ ആശുപത്രിയിലാക്കിയത്. കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.