കോഫി അന്നാൻ ലോകത്തിനു വേണ്ടി മാനുഷികതയുടെ ഭാഗത്തു നിന്നു: ശശി തരൂർ

കോഫി അന്നാൻ

ബോണ്‍(ജർമനി)∙ അന്തരിച്ച യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ ലോകത്തിനു വേണ്ടി മാനുഷികതയുടെ ഭാഗത്തു നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് ശശി തരൂർ എംപി. ജര്‍മനിയിലെ ബേണിൽ ലോക മലയാളി കൗൺസിൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മനോരമ ഒാൺലൈനിനോട് പ്രതികരിച്ചത്.

1996 മുതൽ 2006 വരെയാണ് കോഫി അന്നാൻ യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്ത് പ്രവർത്തിച്ചത്. ഇൗ 10 വര്‍ഷം പല യുദ്ധങ്ങളും പ്രതിസന്ധികളും മാറ്റങ്ങളും ലോകത്തു വന്നു. അപ്പോഴൊക്കെയും എല്ലാത്തിനും മുൻകയ്യെടുത്തു മനുഷ്യത്വത്തിനു വേണ്ടി കോഫി അന്നാൻ സംസാരിച്ചു. ഇതു പോലൊരു മാതൃകാ വ്യക്തിത്വത്തെ കാണുക അപൂർവമാണ്. 80 വയസ്സുണ്ടായിരുന്നുവെങ്കിലും നല്ല ആരോഗ്യവാനായിരുന്നു. കണ്ടാൽ പ്രായം തോന്നില്ല എന്നു മാത്രമല്ല, കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. 

ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, താങ്കളുടെ ഷഷ്ഠിപൂർത്തി ന്യൂയോര്‍ക്കിലാണ് ആഘോഷിച്ചത് എന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. ശതാഭിഷേകമെങ്കിലും കേരളത്തിൽ നടത്തണം. അത് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഇൗ വാർത്ത കേട്ടപ്പോൾ വലിയ വിഷമം തോന്നി. 

അന്തരിച്ച മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നാനെ ശശി തരൂർ എംപി ജര്‍മനിയിലെ ബേണിൽ അനുസ്മരിക്കുന്നു

ആഫ്രിക്കയുടെ അഭിമാനപുത്രനായിരുന്നു അന്നാൻ. ഇന്ത്യയെ വളരെയധികം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തയാൾ. അവികസിത രാജ്യങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം. രാജ്യാന്തര തലത്തിൽ കോഫി അന്നാനെ പോലൊരു നേതൃത്വത്തെ ലഭിച്ചത് യുഎന്നിന്‍റെയും നമ്മുടെയും ഭാഗ്യമാണെന്ന് കരുതുന്നു. ആദ്യത്തെ ആഫ്രിക്കൻ യുഎൻ സെക്രട്ടറി ജനറൽ ബുത്രാസ് ഗാലിയായിരുന്നെങ്കിൽ കോഫി അന്നാൻ ആദ്യത്തെ കറുത്ത വർഗക്കാരനായ ആഫ്രിക്കൻ ജനറൽ സെക്രട്ടറിയായിരുന്നു. യൂഗോസ്ലാവ്യ ആഭ്യന്തര യുദ്ധം, റുവാണ്ട കൂട്ടക്കൊല തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം സെക്രട്ടറി ജനറലായിരുന്ന കാലത്ത് നടന്ന പ്രധാന സംഭവങ്ങളാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ എങ്ങനെ ലോക ജനതയെ ഒന്നിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.