'ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ മഹാവിപത്ത്'; എസ്ഐയെ പുറത്താക്കാൻ ഉത്തരവ്

തിരുവനന്തപുരം∙ പോത്തൻകോട് സബ് ഇൻസ്പെക്ടർ എസ്. ശ്രീജിത്തിനെ പൊലീസ് സേനയിൽ നിന്നു പുറത്താക്കാൻ ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ ഉത്തരവിട്ടു. ശ്രീജിത്ത് കഴക്കൂട്ടം എസ്ഐയായിരുന്നപ്പോൾ ഒരു വാടകക്കാരനെ ബലമായി ഒഴിപ്പിക്കുവാൻ കൂട്ടുനിന്നു എന്നും ഇതു സംബന്ധിച്ച കേസിലെ പ്രതികളെ സഹായിച്ചു എന്നുമുള്ള ആരോപണം അന്വേഷണത്തിൽ തെളിഞ്ഞതിനാലാണ് ഉത്തരവ്.

പരാതിക്കാരനായ ജോൺസൻ ഏബ്രഹാമിനെയും എസ്ഐ ശ്രീജിത്തിനെയും കോടതി വിസ്തരിച്ചിരുന്നു. പരാതിക്കാരൻ ആറ്റിപ്ര വില്ലേജിൽ സദാശിവൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കടമുറിയിൽ ബേക്കറി നടത്തുമ്പോഴാണു സംഭവം. എസ്ഐയെ രൂക്ഷമായി വിമർശിച്ച ഉപലോകായുക്ത ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിനു മഹാവിപത്താണെന്നും നിരീക്ഷിച്ചു.

ലോകായുക്ത ആക്റ്റിലെ സെക്ഷൻ 14 പ്രകാരമുള്ള പ്രഖ്യാപനമാണ് എസ്ഐക്കെതിരെ നടത്തിയിരിക്കുന്നത്. ഇപ്രകാരം ഒരു പ്രഖ്യാപനം വളരെ വിരളമായി മാത്രമേ ലോകായുക്ത നടത്താറുള്ളു. പ്രഖ്യാപനം നടത്തിയാൽ സർക്കാർ അതു സ്വീകരിക്കേണ്ടതും ആ വ്യക്തിയെ സ്ഥാനത്തു നിന്നു മാറ്റേണ്ടതുമാണ്.