വാജ്പേയിയുടെ സംസ്കാരച്ചടങ്ങിൽ ഹെഡ്‍ലിയുടെ അർധസഹോദരനും

ഡാനിയൽ ഗീലാനി. ചിത്രം: എഎൻഐ

ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഡേവിഡ് ഹെഡ്‍ലിയുടെ അർധസഹോദരന്‍റെ സാന്നിധ്യം വിവാദമാകുന്നു. പാക്കിസ്ഥാൻ ഫിലിം സെൻസർ ബോർഡ് ചെയർമാൻ ഡാനിയൽ ഗീലാനിയാണ് പാക്കിസ്ഥാനിലെ ഇടക്കാല നിയമമന്ത്രിയായ സയ്യിദ് അലി സഫർ ഉൾപ്പെട്ട അഞ്ചംഗ സംഘത്തിലുണ്ടായിരുന്നത്. 26/11 മുംബൈ ആക്രണത്തിന്‍റെ സൂത്രധാരരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ അർധസഹോദരനാണ് ഗീലാനി. ഹെഡ്‍ലിയുമായുള്ള ബന്ധങ്ങൾ പരസ്യമായി വേർപെടുത്തിയിട്ടുണ്ടെങ്കിലും പാക്ക് സംഘത്തിൽ ഗീലാനിയുടെ സാന്നിധ്യം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. 

വാജ്പേയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക്ക് സംഘം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഇതിൽനിന്നു ഗീലാനി വിട്ടു നിന്നിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ വിഡിയോ ഗീലാനി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. കൂടിക്കാഴ്ചയിൽ ഗീലാനി പങ്കെടുത്തിരുന്നെങ്കിൽ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത അപമാനമാകുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

അതേസമയം, ഗീലാനിക്കു തീവ്രവാദ ബന്ധമൊന്നുമില്ലെന്നും ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ കൂട്ടത്തിൽ അദ്ദേഹം ഉൾപ്പെട്ടിട്ടില്ലെന്നും മതിയായ പരിശോധനകൾക്കു ശേഷമാണ് അദ്ദേഹത്തിന് വീസ അനുവദിച്ചതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. 

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാൻ പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെയാണ് പാക്ക് പ്രതിനിധി സംഘത്തിലെ ഗീലാനിയുടെ സാന്നിധ്യം ചർച്ചയാകുന്നത്.