പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തില്‍: സിദ്ദു

നവ്‌ജോത് സിങ് സിദ്ദു.

ന്യൂഡല്‍ഹി∙ പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തിലാണെന്നു പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സിദ്ദു, പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തതു വന്‍ വിവാദമായ പശ്ചാത്തലത്തിലാണു വിശദീകരണം. സിദ്ദുവിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സിദ്ദുവിന്റെ നടപടിയെ വിമര്‍ശിച്ചു.

ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികത്തില്‍ കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള പാത തുറക്കുന്നതിനെക്കുറിച്ചു പാക്കിസ്ഥാന്‍ ആലോചിക്കുന്നതായി സൈനികമേധാവി പറഞ്ഞപ്പോഴുണ്ടായ വൈകാരിക പ്രകടനമായിരുന്നു ആലിംഗനമെന്നു സിദ്ദു പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെ പലരും തന്നോട് ഇതേക്കുറിച്ചു സംസാരിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സിദ്ദു വ്യക്തമാക്കി.

മുമ്പും ഇന്ത്യയുടെ ഭാഗത്തുനിന്ന് സമാധാന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ് ലാഹോറിലേക്കു സൗഹൃദബസ് ആരംഭിച്ചിരുന്നു. നരേന്ദ്ര മോദി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. മോദി ലാഹോറിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ടെന്നു സിദ്ദു പറഞ്ഞു.

സിഖ്മത സ്ഥാപകനായ ഗുരുനാനാക് 1539 സെപ്റ്റംബര്‍ 22-ന് ദേഹവിയോഗം ചെയ്ത സ്ഥലത്താണു ചരിത്രപ്രധാനമായ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര നിര്‍മിച്ചിരിക്കുന്നത്. ലാഹോറില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ നരോവാള്‍ ജില്ലയിലാണു കര്‍താര്‍പുര്‍ ഗുരുദ്വാര. ഇന്ത്യ- പാക് അതിര്‍ത്തിക്കു സമീപത്തുള്ള ഗുരുദ്വാരയുടെ ദര്‍ശനത്തിനായി നൂറുകണക്കിന് സിഖുകാര്‍ ഇന്ത്യന്‍ പ്രദേശത്ത് ഒത്തുകൂടാറുണ്ട്.