ആം ആദ്മിയിൽ വീണ്ടും രാജി; ആശിഷ് ഖേതൻ പാർട്ടി വിട്ടു

ആശിഷ് ഖേതൻ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് ആശിഷ് ഖേതൻ പാർട്ടിയിൽനിന്നു രാജിവച്ചു. എഎപി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു പ്രമുഖ നേതാവ് അശുതോഷ് കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. 

താൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ലെന്നും അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഖേതൻ വ്യക്തമാക്കി. അഭിഭാഷക വൃത്തിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹി ഡവലപ്മെന്‍റ് കോർപറേഷന്റെ വൈസ് ചെയർമാൻ സ്ഥാനം ഖേതൻ നേരത്തേ രാജിവച്ചിരുന്നു.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് ഖേതൻ രാജിക്കത്ത് അരവിന്ദ് കേജ്‍രിവാളിന് കൈമാറിയതെന്നാണു പാർട്ടി നൽകുന്ന സൂചന. അശുതോഷും അന്നാണ് രാജിവച്ചത്. ഇരുവരുടെയും രാജി കേജ്‍രിവാൾ സ്വീകരിച്ചിട്ടില്ല. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽനിന്നു മൽസരിക്കാൻ ഖേതൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2014 ൽ ഇവിടെ മീനാക്ഷി ലേഖിയോടു പരാജയപ്പെട്ട അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കുന്നതിനോടുള്ള വിയോജിപ്പ് നേതൃത്വം പ്രകടമാക്കി. ഇതാകാം രാജിയിലേക്കു നയിച്ചതെന്നാണ് അനുമാനം.