പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; യുപിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി തീകൊളുത്തി മരിച്ചു

ലക്നൗ∙ കൂട്ടമാനഭംഗത്തിന് ഒന്നിലേറെ തവണ ഇരയായ യുവതി തീകൊളുത്തി മരിച്ചു. ഉത്തർപ്രദേശിലെ ഷാജൻപുരിലാണ് സംഭവം. 27കാരിയായ സ്ത്രീ 12 വയസ്സുള്ള മകനെയും ചേർത്താണ് തീ കൊളുത്തിയത്. 95 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 ശതമാനം പൊള്ളലേറ്റ മകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.

തനിക്കെതിരെയുണ്ടായ കൂട്ടമാനഭംഗത്തെപ്പറ്റിയുള്ള പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്നും ഓഗസ്റ്റ് 18ന് കൂട്ടമാനഭംഗം ആവർത്തിച്ചെന്നുമാണു യുവതിയുടെ മരണമൊഴി. സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഭർത്താവ് പറഞ്ഞു. ഒരു മാസത്തിലേറെയായി ഗ്രാമത്തിലെ മൂന്നു പേർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പീഡന പരാതി നൽകാൻ ശ്രമിച്ചുവരികയാണ്. എന്നാൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു. കുറ്റാരോപിതരിൽനിന്നു പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാനാ‍ണു പൊലീസ് ഉപദേശിച്ചത്– യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി.

സംഭവത്തിനു പിന്നാലെ മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ക്രിമിനൽ കേസെടുത്തു. യുവതിയുടെ മരണമൊഴിയും ഭർത്താവിന്റെ പരാതിയും പരിഗണിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തു. യുവതിയുടെ പീഡനവും മരണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഷാജൻപുർ പൊലീസ് മേധാവി ശിവസിംപി ചാനപ്പ പറഞ്ഞു. ആറു മാസം മുൻപാണ് യുവതിയെ മൂന്നു പേർ പീഡിപ്പിച്ചത്. കുഞ്ഞിനെ കൊല്ലുമെന്നു ഭയപ്പെടുത്തിയതിനാൽ പുറത്തുപറഞ്ഞില്ല. ഒരു മാസം മുൻപാണ് ഭർത്താവിനോടു കാര്യങ്ങൾ തുറന്നുപറഞ്ഞത്.