അഴഗിരിയുടെ മഹാറാലി ‘തടുക്കാൻ’ തന്ത്രങ്ങളൊരുക്കി സ്റ്റാലിനും ഡിഎംകെയും

എം.കെ.അഴഗിരി

ചെന്നൈ ∙ ഈ മാസം അഞ്ചിനു എം.കെ.അഴഗിരി മഹാറാലി പ്രഖ്യാപിച്ചിരിക്കേ പഴുതെല്ലാമടച്ച് ഡിഎംകെ. അച്ചടക്ക ലംഘനത്തിനു വർഷങ്ങൾക്കു മുൻപ് പുറത്താക്കിയ രണ്ടു മുതിർന്ന നേതാക്കളെ പാർട്ടി തിരിച്ചെടുത്തു. ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ അഴഗിരിക്കൊപ്പം ചേരാനുള്ള വഴിയടയ്ക്കുന്നതിന്റെ ഭാഗമായാണു നീക്കം. മുൻ മന്ത്രി വി.മുല്ലൈവേന്ദൻ, മുൻ എംഎൽഎ നെല്ലൈ വി.കറുപ്പസാമി പാണ്ഡ്യൻ എന്നിവർ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ സാന്നിധ്യത്തിൽ വീണ്ടും പാർട്ടിയിൽ ചേർന്നു.  

സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാമെന്നു നിലപാട് മാറ്റിയെങ്കിലും അഴഗിരിക്കു മുന്നിൽ വാതിൽ തുറക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണു ഡിഎംകെ. അഴഗിരിയുടെ പുതിയ നീക്കത്തോടു പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അഴഗിരി സ്വാധീനിക്കാൻ സാധ്യതയുള്ള നേതാക്കളെ പാർട്ടിയോടു ചേർത്തു നിർത്താനാണു ശ്രമം. 

ധർമപുരി ജില്ലയിലെ കരുത്തനായ നേതാവായിരുന്ന മുല്ലൈവേന്ദൻ മൂന്നു തവണ എംഎൽഎയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ധർമപുരി ജില്ലയിൽ പാർട്ടിയുടെ പരാജയവുമായി ബന്ധപ്പെട്ടു മുല്ലൈവേന്ദനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതോടെ, മുല്ലൈ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. 2015-ലാണ് അച്ചടക്ക ലംഘനത്തിനു പുറത്താക്കിയത്. 

തിരുനൽവേലിയിൽ ചെറുതല്ലാത്ത സ്വാധീനമുള്ള കറുപ്പസാമി പാണ്ഡ്യൻ രൂപീകരണ കാലം മുതൽ അണ്ണാ ഡിഎംകെയിലായിരുന്നു. പിന്നീട് പാർട്ടി നേതൃത്വവുമായി തെറ്റി 2000-ൽ ഡിഎംകെയിൽ ചേർന്നു. 2015-ൽ ജയലളിതയോട് കൂറു പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെയിലേക്കു മടങ്ങി. ജയയുടെ മരണ ശേഷം അണ്ണാ ഡിഎംകെ വിട്ടിരുന്നു.