ക്രിസ്മസ് യാത്ര കഠിനം; നാലു മാസം മുൻപേ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റായി

ചെന്നൈ∙ പ്രളയം മൂലം ഓണത്തിനു നാട്ടിലെത്താൻ സാധിക്കാതിരുന്ന ചെന്നൈ മലയാളികൾ വീട്ടുകാരോടു പറഞ്ഞിരിക്കുന്നതു ക്രിസ്മസ് ആഘോഷിക്കാൻ ഉറപ്പായും നാടെത്താമെന്നാണ്. ട്രെയിനിൽ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർ ഈ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന ആശങ്കയിലാണ്. ഇത്തവണ ഡിസംബർ 25 ചൊവ്വാഴ്ചയാണ്. തിങ്കളാഴ്ച കൂടി അവധിയെടുത്താൽ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കുമെന്നതിനാൽ ബഹുഭൂരിപക്ഷവും ക്രിസ്മസ് യാത്ര നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് ഡിസംബർ 21 വെള്ളിയാഴ്ച.

കോട്ടയം, ആലപ്പുഴ റൂട്ടിലൂടെ തിരുവനന്തപുരത്തിനു പോകുന്ന ട്രെയിനുകളിലൊന്നും 21നു ടിക്കറ്റ് ലഭിക്കില്ലെന്ന സ്ഥിതിയായി. വെയിറ്റ് ലിസ്റ്റ് 100നു മുകളിലുള്ള ട്രെയിനുകളുമുണ്ട്. ടിക്കറ്റ് ലഭ്യമായ ട്രെയിനുകൾ പകൽസമയങ്ങളിൽ പുറപ്പെടുന്നതിനാൽ ഒരു പ്രവൃത്തിദിവസം അവധിയെടുത്താൽ മാത്രമേ ഇതിൽ യാത്ര സാധ്യമാകൂ. മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ ഇനിയും ലഭ്യം. 

കെഎസ്ആർടിസി: സാധ്യതയില്ല

ഓണത്തിനു സ്പെഷൽ സർവീസ് നടത്തിയ കെഎസ്ആർടിസി യാത്രക്കാരില്ലാത്തതിനാൽ പ്രഖ്യാപിച്ച സർവീസുകൾ കൂടി റദ്ദാക്കിയിരുന്നു. ഡീസലിന്റെ വില ഇപ്പോഴുള്ളതുപോലെ തുടർന്നാൽ കെഎസ്ആർടിസി ചെന്നൈയിലേക്ക് സർവീസ് നടത്തില്ലെന്ന കാര്യം ഉറപ്പാണ്.

ഇനി സ്പെഷൽ ട്രെയിൻ ശരണം

തിരക്കു പരിഗണിച്ച് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്നും ഇതിൽ കയറി നാടെത്താമെന്നും ടിക്കറ്റ് ലഭിക്കാത്തവർ പ്രതീക്ഷിക്കുന്നു. ഉൽസവ സീസണുകളിൽ സുവിധയോ സ്പെഷൽ ഫെയറോ പ്രഖ്യാപിക്കാനാണു സാധ്യത. പലപ്പോഴും ഇവയിലെ നിരക്ക് വിമാന നിരക്കിലും മുകളിലേക്കു പോകാറുണ്ട്. സാഹചര്യങ്ങൾ മുതലാക്കി സ്വകാര്യ ബസുകൾ ഈടാക്കുന്ന കഴുത്തറുപ്പൻ നിരക്ക് അറിയാൻ യാത്രയ്ക്കു രണ്ടു മാസം മുൻപുവരെ കാത്തിരിക്കണം.

ഡിസംബർ 21ന് സീറ്റ് ലഭ്യത

(ഇന്നലെ രാത്രി ഒൻപതുവരെയുള്ള ഓൺലൈൻ വിവരങ്ങൾ പ്രകാരം.)

കോട്ടയം വഴി 

രാത്രി 7.45നുള്ള 

തിരുവനന്തപുരം മെയിൽ (12623):

സ്ലീപ്പർ ക്ലാസ്– വെയിറ്റ് ലിസ്റ്റ് 104

തേഡ് എസി– വെയിറ്റ് ലിസ്റ്റ് 40

സെക്കൻഡ് എസി– വെയിറ്റ് ലിസ്റ്റ് 17

ഫസ്റ്റ് എസി– വെയിറ്റ് ലിസ്റ്റ് നാല്

വൈകിട്ട് 3.25നുള്ള 

തിരുവനന്തപുരം എക്സ്പ്രസ് (12695):

സ്ലീപ്പർ ക്ലാസ്– ആർഎസി 122

തേഡ് എസി– 13 സീറ്റ് ലഭ്യം.

സെക്കൻഡ് എസി– 23 സീറ്റ് ലഭ്യം.

കോഴിക്കോട് വഴി

വൈകിട്ട് അഞ്ചിനുള്ള

മംഗളൂരു എക്സ്പ്രസ് (12685):

സ്ലീപ്പർ ക്ലാസ് – 265 സീറ്റ് ലഭ്യം.

തേഡ് എസി– 45 സീറ്റ് ലഭ്യം.

സെക്കൻഡ് എസി– 47 സീറ്റ് ലഭ്യം.

ഫസ്റ്റ് എസി– നാല് സീറ്റ് ലഭ്യം.

രാത്രി 8.20നുള്ള

മംഗളൂരു മെയിൽ (12601)

സ്ലീപ്പർ ക്ലാസ്– ആർഎസി 124

തേഡ് എസി– അഞ്ച് സീറ്റ് ലഭ്യം

സെക്കൻഡ്എസി–

വെയിറ്റ്ലിസ്റ്റ് രണ്ട്

ആലപ്പുഴ വഴി

രാത്രി 9.05നുള്ള 

ആലപ്പി എക്സ്പ്രസ് (22639)

സ്ലീപ്പർ ക്ലാസ്– വെയിറ്റ് ലിസ്റ്റ് 76

തേഡ് എസി– വെയിറ്റ് ലിസ്റ്റ് 29

സെക്കൻഡ് എസി– വെയിറ്റ് ലിസ്റ്റ് 14

വൈകിട്ട് 4.25നു പുറപ്പെടുന്ന സൂപ്പർ ഏസി എക്സ്പ്രസ് (22207) ട്രെയിനിൽ ടിക്കറ്റ് ലഭ്യം. എന്നാൽ തിരക്ക് കൂടുമ്പോൾ നിരക്കുയരുന്ന ട്രെയിനിൽ ആലപ്പുഴയിലേക്ക് തേഡ് ഏസിയിൽ ഇന്നലെ രാത്രി ഒൻപതിനുള്ള ടിക്കറ്റ് നിരക്ക് 1550 രൂപ. സെക്കൻഡ് ഏസി– 2120രൂപ. ഫസ്റ്റ് ഏസി– 3210 രൂപ.)