സൈനികർക്ക് സ്മാർട്ട് ഫോൺ, സമൂഹമാധ്യമ വിലക്ക് സാധ്യമല്ലെന്ന് കരസേന മേധാവി

കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.

ന്യൂഡല്‍ഹി∙ സ്മാര്‍ട്ട്ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും സൈനികരെ വിലക്കാൻ കഴിയില്ലെന്നും ഇവയുടെ ഉപയോഗത്തിൽ അച്ചടക്കമാണ് അഭികാമ്യമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സമൂഹമാധ്യമങ്ങളിലെ ഗുണപരമായ ഇടപെടൽ ഭാവിയിൽ സൈന്യത്തിന് സാങ്കേതികതലത്തിൽ എതിരാളികൾ ചെലുത്താനിടയുള്ള മാനസികമേൽക്കോയ്മ ഇല്ലാതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സൈനികർ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതു തടയാൻ കേന്ദ്ര സർക്കാർ നീക്കമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ സൈനികരെ ഉപദേശിക്കണമെന്ന നിർദേശമുണ്ടായി. എന്നാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും സൈനികരെ വിലക്കാൻ കഴിയില്ല. സ്മാർട്ഫോൺ ഉപയോഗം തടയാൻ പറ്റില്ലെങ്കിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് നല്ലത്. – കരസേന മേധാവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ‌‌

സമൂഹമാധ്യമങ്ങൾ ഇവിടെ നിലനിൽക്കും. സൈനികർ അവ ഉപയോഗിക്കുകയും ചെയ്യും. നമുക്കു മേൽ മാനസികമേൽക്കോയ്മ നേടാനും തെറ്റിദ്ധരിപ്പിക്കാനുമായി ശത്രുക്കൾ ഒരുപക്ഷേ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനിടയുണ്ട്. എന്നാൽ അവ നമുക്ക് അനുഗുണമായി ഉപയോഗിക്കുകയാണ് വേണ്ടത്. നിർമ്മിത ബുദ്ധിയുടെ ഗുണഫലങ്ങൾ നമ്മുടെ നേട്ടത്തിന് ഉപയോഗിക്കണമെങ്കിൽ സമൂഹമാധ്യമങ്ങളിലെ നിരന്തരമായ ഇടപെടൽ അഭികാമ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സൈന്യത്തെയും മുതിർന്ന ഉദ്യോഗസ്ഥരെയും വിമർശിച്ച് സൈനികരുടെ തന്നെ പോസ്റ്റുകൾ ഫെയ്സ്ബുക്ക്, യു ട്യൂബ്, ട്വിറ്റർ എന്നിവയിൽ വ്യാപകമായതോടെയാണ് സൈനികർക്കുള്ള സമൂഹമാധ്യമ നയം ചർച്ചയിലെത്തിയത്.