എയർഇന്ത്യയുടെ വായ്പകൾ എഴുതിത്തള്ളണം; നവീകരണത്തിന് അഞ്ചുവർഷം സമയം

ന്യൂഡല്‍ഹി ∙ എയർ ഇന്ത്യയുടെ വായ്പകൾ എഴുതിത്തള്ളണമെന്നും സ്വയം നവീകരണത്തിനായി അഞ്ചു വർഷത്തെ സമയപരിധി അനുവദിക്കണമെന്നും ഗതാഗതം, വിനോദ സഞ്ചാരം, സംസ്കാരം എന്നിവയ്ക്കായുള്ള പാർലമെന്‍ററി കമ്മിറ്റി. യുദ്ധമേഖലകളിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനത്തിലും വഹിക്കുന്ന പങ്കു കണക്കിലെടുത്താണ് നിർദേശം. വിമാനങ്ങൾ വാങ്ങിയ വകയിലും പ്രവർത്തനാവശ്യങ്ങൾക്കുമായി 50,000 കോടി രൂപയുടെ വായ്പയാണ് എയർ ഇന്ത്യയ്ക്കുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥാപനം വായ്പകള്‍ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ‌.

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റു പ്രതിസന്ധി മറികടക്കുന്നതിനെതിരായ കരട് പ്രമേയത്തെ നേരത്തെ എതിർത്തിരുന്ന ഭരണകക്ഷി അംഗങ്ങൾ തന്നെയാണ് നിലവിൽ ഓഹരി വിറ്റഴിക്കേണ്ടതില്ലെന്നു നിർദേശിക്കുന്ന റിപ്പോർട്ടിന് അംഗീകാരം നൽകിയതെന്നതാണ് രസകരമായ വസ്തുത. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം മാത്രം ഓഹരി വിറ്റഴിക്കലിലേക്കു കടന്നാൽ മതിയെന്നാണ് കേന്ദ്ര സർക്കാരിന്‍റെയും നിലപാട്. സ്ഥാപനത്തിന്‍റെ അവസ്ഥ മെച്ചപ്പെടുന്നതിനു പുറമെ അസംസ്കൃത എണ്ണ വിലയും രൂപയുടെ വിനിമയ നിരക്കും അനുകൂലമായാൽ മാത്രം ഓഹരി വിറ്റഴിക്കലിനെക്കുറിച്ചു ചിന്തിച്ചാൽ മതിയെന്നും കേന്ദ്രം വിലയിരുത്തുന്നു. എയർ ഇന്ത്യയുടെ കടങ്ങൾ കുറഞ്ഞാൽ മാത്രമേ ഓഹരികൾ ഏറ്റെടുക്കാൻ മറ്റുള്ളവർ തയാറാകുകയുള്ളൂവെന്ന യാഥാർഥ്യവും കേന്ദ്രത്തെ ഇത്തരമൊരു നിലപാടിലേക്കു നയിച്ചു.

വലിയ കടബാധ്യതയ്ക്കിടയിലും സേവനം നടത്തുന്നതിനാൽ പ്രതിമാസം 200–250 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യ അനുഭവിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എയർ ഇന്ത്യ – ഇന്ത്യൻ എയർലൈൻസ് ലയനം ഉൾപ്പെടെയുള്ള പല കാരണങ്ങൾ ഈ കടബാധ്യതയ്ക്കു പിന്നിലുണ്ട്. 50,000 കോടി രൂപയിലേറെ ചെലവിട്ട് പുതിയ വിമാനം വാങ്ങിയതിലുള്ള ബാധ്യതയിൽനിന്നു സ്ഥാപനം ഇനിയും കരകയറിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീതി ആയോഗ് ചെയ്തതുപോലെ വാണിജ്യപരമായ കാഴ്ചപ്പാടിൽ മാത്രം എയർ ഇന്ത്യയെ സമീപിക്കുന്നതു ശരിയല്ലെന്നാണ് കമ്മിറ്റിയുടെ നിരീക്ഷണം. യുദ്ധമേഖലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമുള്ള സജീവമായ പങ്കാളിത്തം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.