അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട്ട വിദ്യാർഥി അർജുൻ കൃഷ്ണയെ കുത്തിയ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കും.

പരുക്കേറ്റ വിനീത് കുമാറിനെ മുറിവേൽപ്പിച്ചത് നേരത്തേ അറസ്റ്റിലായ പ്രതി സനീഷാണെന്നാണു പൊലീസിനു ലഭിച്ച വിവരം. മൂന്ന് അക്രമികളാണു മാരകായുധങ്ങൾ കൈവശം കരുതിയിരുന്നത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവർ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തിൽ എത്തിയത്. ഒരു മാസത്തിലേറെ ഇവർ ഇവിടെ തങ്ങിയിരുന്നു.

പ്രളയത്തിൽ പല സ്ഥലങ്ങളിൽ അകപ്പെട്ട പ്രതികൾ അതിനു ശേഷം ഫോണിൽ പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചതാണു ഇവരെക്കുറിച്ചുള്ള സൂചന നൽകിയത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന നെട്ടൂർ സ്വദേശി അബ്ദുൽ നാസറാണു ഒടുവിൽ പിടിയിലായത്. പ്രളയത്തെ തുടർന്ന് ഇവർ ചിന്നിച്ചിതറിയത് അന്വേഷണത്തിൽ പൊലീസിനു സഹായകരമായി.

അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ മുഖ്യസാക്ഷികളായ ആറുപേരും ഇവരെ ചിത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഇതിൽ എട്ടു പേർ അറസ്റ്റിലായി.

ഇവരിൽ ഉൾപ്പെട്ട ആദിൽ ബിൻ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈൻ എന്നിവർ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുൻപ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അസി. കമ്മിഷണർ എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജൂലൈ മൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്.

കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂർത്തിയാവുമ്പോൾ ഏതാനും പേർ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും.