21 എൻഡിഎ ഇതര കക്ഷികളുമൊപ്പം; പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് ബന്ദ്

രാംലീല മൈതാനിയിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ

ന്യൂഡൽഹി∙ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ 21 എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ശരദ് യാദവും

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക്താന്ത്രിക് ജനാതാദള്‍ അധ്യക്ഷന്‍ ശരത് യാദവ് എന്നിവരടക്കം പ്രമുഖ പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ സമരത്തിനെത്തി. പതിവില്‍നിന്നു വിപരീതമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ സമരത്തില്‍ അണിനിരന്നു. കേരളത്തില്‍നിന്ന് ആര്‍എസ്പിയെ പ്രതിനിധികരിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും സമരത്തില്‍ പങ്കെടുത്തു. ജനങ്ങളുടെ പണം കൊള്ളയിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.

ഗുലാം നബി ആസാദ്, ശരദ് പവാര്‍, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവര്‍

രൂപയുടെ മൂല്യം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇടയുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി ജന്തര്‍ മന്തറിലായിരുന്നു ഇടതുപാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതികൊടുത്ത നരേന്ദ്ര മോദിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഭിന്നിപ്പുകളെ ഒഴിവാക്കി മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്താന്‍ കോണ്‍ഗ്രസിനായി എന്നതാണു സമരത്തിന്റെ നേട്ടമായി കണക്കാക്കുന്നത്.

ശരദ് പവാറും രാഹുല്‍ ഗാന്ധിയും

പതിവില്ലാതെ മുംബൈയിലടക്കം രോഷം

സാധാരണ ഹര്‍ത്താലുകള്‍ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയില്‍ പലയിടത്തും കടകളടപ്പിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരവും നടന്നു.

ഇന്ധനവില വര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഭാഗഭാക്കാകുന്ന നേതാക്കള്‍

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ മഹാരാഷ്ട്രയില്‍ എന്‍സിപിക്കുപുറമേ രാജ് താക്കറെയുടെ എംഎന്‍എസും പിന്തുണച്ചു. മുംബൈയിലെ ശക്തികേന്ദ്രങ്ങളില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. പ്രതിഷേധം നയിച്ച അശോക് ചവാന്‍, സഞ്ജയ് നിരുപം തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു.

ബിഹാറില്‍ തേജസ്വി യാദവ് സമരത്തില്‍ പങ്കെടുക്കുന്നു

ജനജീവിതം തടസപ്പെടുത്തിയില്ലെങ്കിലും തമിഴ്നാട്ടില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിപുലമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. വെല്ലൂരിലുള്‍പ്പെടെ ട്രെയിന്‍ തടയല്‍ സമരവും സംഘടിപ്പിച്ചിരുന്നു. ബന്ദിനോടനുബന്ധിച്ച് അതിര്‍ത്തി ജില്ലകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമായിരുന്നു.

സമാജ്‍വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍നിന്ന്

ഗുജറാത്ത്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, മണിപ്പൂര്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ഡിഎ ഇതര പാര്‍ട്ടികളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലും വിശാഖപട്ടണത്തും ഇടതുപാര്‍ട്ടികള്‍ മാര്‍ച്ചുനടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല.