യുവതി ഏറെ നേരം വാട്സാപ്പിൽ; വിവാഹമുപേക്ഷിച്ച് യുപിയിലെ യുവാവ്

അമ്രോഹ (ഉത്തർപ്രദേശ്)∙ അമിതമായി വാട്സാപ് ഉപയോഗിക്കുന്ന യുവതിയുടെ സ്വഭാവം നല്ലതല്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അമ്രോഹയിൽ യുവാവു വിവാഹത്തിൽനിന്നു പിന്മാറി. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ, യുവതിയുടെ ‘തെറ്റ്’ ക്ഷമിക്കാമെന്ന ഉപാധിയും യുവാവും കുടുംബവും മുന്നോട്ടുവച്ചു.

സെപ്റ്റംബർ അഞ്ചിനാണു സംഭവങ്ങളുടെ തുടക്കം. നേരത്തേ തീരുമാനിച്ചതനുസരിച്ച്, ഖമർ ഹൈദരുടെ വീട്ടുകാരും സുഹൃത്തുക്കളും യുവതിയുടെ വീടുകാണാൻ വരേണ്ടിയിരുന്ന ദിവസമായിരുന്നു അന്ന്. വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഖമറും കൂട്ടരും വന്നില്ല. എന്താണു സംഭവിച്ചതെന്നറിയാൻ യുവതിയുടെ പിതാവ് ഖമറിന്റെ വീട്ടിലേക്കു തന്റെ സഹോദരനെ പറഞ്ഞയച്ചു.

അവിടെയെത്തിയപ്പോഴാണു യുവതിയുടെ സ്വഭാവം ശരിയല്ലെന്നും വാട്സാപ് ഉപയോഗം അധികമാണെന്നും ഖമറും വീട്ടുകാരും പരാതിപ്പെട്ടത്. വിവാഹത്തിനു തയാറല്ലെന്നും അറിയിച്ചു. വിഷമത്തിലായ യുവതിയുടെ കുടുംബം ക്ഷമ ചോദിച്ചു. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ യുവതിയെ നിക്കാഹ് ചെയ്യാമെന്നു ഖമറും വീട്ടുകാരും ഉപാധി വച്ചതായി യുവതിയുടെ പിതാവ് ഉറൂജ് മെഹന്ദി പറഞ്ഞു.

നിക്കാഹിൽ പങ്കെടുക്കാൻ ബന്ധുക്കൾ എത്തിയിട്ടുണ്ടെന്നും തീരുമാനം മാറ്റണമെന്നും ഖമറിനോടും ബന്ധുക്കളോടും യുവതിയുടെ പിതാവ് കേണപേക്ഷിച്ചു. എന്നാൽ തീരുമാനം മാറിയില്ല. അന്നുരാത്രി ഉറൂജ് മെഹന്ദി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അമ്രോഹ സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫിസ‌ർ വിപിൻ ടാഡ പറഞ്ഞു.