തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്‍റ്: ഹരിത ട്രൈബ്യൂണലിന് തീരുമാനമെടുക്കാം

ന്യൂഡൽഹി ∙ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജിയിൽ തമിഴ്നാട് സർക്കാർ ഉന്നയിച്ച ആശങ്ക എത്രത്തോളം യോഗ്യവും പ്രായോഗികവുമാണെന്ന് തീരുമാനിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് സുപ്രീംകോടതി നിർദേശം നൽകി. പ്ലാന്‍റ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകണം സർക്കാർ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ഹരിത ട്രൈബ്യൂണൽ പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

യോഗ്യതയും പ്രായോഗികക്ഷമതയും പരിശോധിക്കാൻ ഹരിത ട്രൈബ്യൂണലിന് നേരത്തെയും നിർദേശം നൽകിയിരുന്നതാണെന്നും ട്രൈബ്യൂണലിന്‍റെ ഓഗസ്റ്റ് ഇരുപതിയെ ഉത്തരവിൽ ഇത് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓർമ്മപ്പെടുത്തുന്നതെന്നും ജസ്റ്റിസ് ആർഎഫ് നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരിത ട്രൈബ്യൂണൽ തീരുമാനം എടുക്കുന്നതിൽ വിരോധമില്ലെന്ന് വേദാന്തക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിഎ സുന്ദരം വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങളിൽ ഹരിത ട്രൈബ്യൂണൽ മുമ്പാകെയാണ് വാദം നടക്കേണ്ടതെന്ന നിലപാട് സർക്കാർ അഭിഭാഷകനായ സി.എസ് വൈദ്യനാഥനും അറിയിച്ചു. തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് വേദാന്ത സമർപ്പിച്ച ഹർജിയിൽ തീരുമാനം കൈകൊള്ളാൻ, മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തരുൺ അഗർവാൾ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് ഹരിത ട്രൈബ്യൂണൽ നേരത്തെ രൂപം നൽകിയിരുന്നു. 

പ്ലാന്‍റിലെ നിർവ്വാഹണ വിഭാഗത്തിൽ പ്രവേശിക്കാൻ വേദാന്തക്ക് അനുമതി നൽകിയുള്ള ഹരിത ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത സംസ്ഥാന സർക്കാർ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി, സർക്കാർ വാദങ്ങളിലെ യോഗ്യതയും പ്രായോഗിക ക്ഷമതയും അനുസരിച്ച് തീരുമാനം കൈകൊള്ളാൻ ട്രൈബ്യൂണലിനെ നേരത്തെ അധികാരപ്പെടുത്തിയിരുന്നു. നിർവഹണ മേഖലയിലേക്കു വേദാന്തക്ക് പ്രവേശനം അനുവദിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് വിലയിരുത്തിയായിരുന്നു പൂർണ അടച്ചുപൂട്ടലെന്ന സർക്കാർ തീരുമാനം ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയത്. നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ജില്ലാ മജിസ്ട്രേറ്റിന് ട്രൈബ്യൂണൽ നിർദേശം നൽകുകയും ചെയ്തിരുന്നു. 

തൂത്തുക്കുടി പ്ലാന്‍റ് വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരായ ഗ്രാമീണരുടെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവയ്പ്പിൽ 13 പേർ മരിച്ചതിനെത്തുടർന്നാണ് പ്ലാന്‍റ് അടച്ചു പൂട്ടി സീൽ ചെയ്യാൻ മേയ് 28ന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടത്.