ജീവപര്യന്തത്തിൽ ഇളവു തേടി ഗവർണർക്ക് അസാറാം ബാപ്പുവിന്റെ കത്ത്

അസാറാം ബാപ്പു അറസ്റ്റിലായപ്പോൾ (ഫയൽ ചിത്രം)

ജോധ്പൂർ∙ ലൈംഗികപീഡന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സന്യാസി അസാറാം ബാപ്പു ശിക്ഷയിൽ ഇളവു തേടി രാജസ്ഥാൻ ഗവർണറെ സമീപിച്ചു. ശിക്ഷ വിധിച്ച ജോധ്പൂർ കോടതിയുടെ വിധിക്കെതിരെ അസാറാം ബാപ്പു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇതുവരെ കേസ് പരിഗണനക്കെടുത്തിട്ടില്ല.

ക്രൂരമായ ശിക്ഷയാണു വിധിച്ചിട്ടുള്ളതെന്നും പ്രായം കണക്കിലെടുത്തു ജീവപര്യന്തത്തിൽ ഇളവ് അനുവദിക്കണമെന്നുമാണു ഗവർണർക്കു നൽകിയ ഹർജിയിൽ പറയുന്നത്. ആസാറാമിന്‍റെ ഹർജിയിൽ ആഭ്യന്തര വകുപ്പിനോടു ഗവർണർ വിശദമായ റിപ്പോർട്ട് തേടി.

ഹർജി ആഭ്യന്തര വകുപ്പ് ജോധ്പൂർ സെൻട്രൽ ജയിൽ അധികൃതർക്കു കൈമാറി. ശിക്ഷയിൽ ഇളവു തേടിയുള്ള ആസാറാമിന്‍റെ ഹർജി ലഭിച്ചതായും ജില്ലാ ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയതായും ജയിൽ സൂപ്രണ്ട് കൈലാഷ് ത്രിവേദി അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം ഇതു ജയിൽ ഡിജിപിക്കു കൈമാറും.

2013 ഓഗസ്റ്റ് 15ന് ജോധ്പൂരിലെ മനായ് ഗ്രാമത്തിലെ ആശ്രമത്തില്‍ 16 വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അസാറാം ബാപ്പു ശിക്ഷിക്കപ്പെട്ടത്. മധ്യപ്രദേശ് ചിന്ദ്‍വാരയിലെ ആശ്രമത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിക്കു പിശാച് ബാധയുണ്ടെന്ന സംശയത്തെതുടര്‍ന്നു മാതാപിതാക്കളാണ് അസാറാമിന്‍റ അടുത്ത് എത്തിക്കുന്നത്. പൂജയുടെ ഭാഗമാണെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു കുറ്റപത്രം.