ആദ്യമായി ഡ്യുവൽ സിം, 512 ജിബി; ‘വിലക്കുറവ്’ വേണ്ടവർക്ക് ഐഫോൺ ടെൻ ആർ

ആപ്പിൾ പുതുതായി അവതരിപ്പിച്ച ഫോണുകളും അവയുടെ വിലയും. ചിത്രം: ട്വിറ്റർ

കലിഫോർണിയ∙ ടെക് ലോകം ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകൾ വിപണിയിലേക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഇസിജി എടുക്കാൻ കഴിയുന്ന ആദ്യ വാച്ച് ഉൾപ്പെടെയുള്ളവയാണ് ആപ്പിൾ അവതരിപ്പിച്ചത്.

ഔദ്യോഗികമായി പുറത്തിറക്കും മുൻപേ ഐഫോണിന്റെ പുതിയ മോഡലുകളുടെ പല വിവരങ്ങളും ചോർന്നെങ്കിലും ചടങ്ങിനു മങ്ങലേറ്റില്ല. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയിൽ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു.

Read More: 2017ൽ ആപ്പിൾ അവതരിപ്പിച്ച മോഡലുകൾ കാണാം

ഐഫോൺ ടെൻ ആർ

‘ലിക്വിഡ് റെറ്റിന ഡിസ്പ്ലേ’ ഉള്ള ഐഫോൺ ടെൻ ആർ ആപ്പിൾ അവതരിപ്പിച്ചു. ‘വിലക്കുറവ്’ ഉള്ള ഐഫോൺ മോഹിക്കുന്നവർക്കായാണിതെന്നു കമ്പനി പറയുന്നു. ഐഫോൺ ടെൻ എസിലും ടെൻ എക്സ് മാക്സിലും ഉള്ള എ12 ബയോണിക് ചിപ്സെറ്റ് തന്നെയാണ് ടെൻ ആറിനും കരുത്ത് പകരുന്നത്. ഫോൺ ഡിസ്പ്ലേ വലുപ്പം 6.1 ഇഞ്ച്. ഐഫോൺ 8 പ്ലസിനേക്കാൾ ഒന്നര മണിക്കൂർ അധികം ബാറ്ററി കപ്പാസിറ്റിയുണ്ട്.

ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും. 999 ഡോളറാണ് ഐഫോൺ ടെൻ എസിന്റെ പ്രാരംഭവില. 1099 ഡോളർ മുതലാണ് ടെൻ എസ് മാക്സിന്റെ വില തുടങ്ങുന്നത്. സ്പേസ് ഗ്രേ, സിൽവർ, ഗോൾഡ് ഫിനിഷ് നിറങ്ങളിലാണ് ഈ ഫോണുകൾ.

ടെൻ ആറിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. 749 ഡോളറിലാണ് വില തുടങ്ങുന്നത്. പുതിയ ഐഫോണുകൾ ഈ മാസം 28 മുതൽ ഇന്ത്യയിൽ ലഭ്യമാകും.

ഐഫോൺ ടെൻ എസ്, ടെൻ എക്സ് മാക്സ്

ഇതുവരെയുള്ളതിൽ വച്ചേറ്റവും അഡ്വാൻസ്ഡ് ആണ് പുതിയ ഐഫോൺ ടെൻ എസ് എന്ന് ടിം കുക്ക് പറഞ്ഞു. ഐഫോൺ എക്സിന്റെ മെച്ചപ്പെടുത്തിയ രൂപമാണിത്. ഐപി68 വാട്ടർ റെസിസ്റ്റൻസ് ശേഷിയുള്ള ഫോൺ മൂന്നു ഫിനിഷിങ്ങിനുശേഷമാണ് ഉപയോക്താവിന്റെ കൈകളിലെത്തുന്നത്.

ആപ്പിൾ വാച്ച് 4 അവതരിപ്പിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

ചൈനയിലെ മാർക്കറ്റു കൂടി ലക്ഷ്യമിട്ട്, ആപ്പിൾ ആദ്യമായി ഡ്യുവൽ സിം അവതരിപ്പിച്ചു. സാധാരണ സിം സ്‌ലോട്ട് കൂടാതെ ഇ–സിം കാർഡ് കൂടി പുതിയ ഐഫോണുകളിൽ ഉപയോഗിക്കാം. ഇന്ത്യയിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയാണ് ആപ്പിളിന് ഇ–സിം സൗകര്യമൊരുക്കുന്നത്.

ഐഫോൺ ടെൻ എസ്, ടെൻ എസ് മാക്സ്. ചിത്രം: ട്വിറ്റർ

ടെൻ എസിന് 5.8 ഇഞ്ച് ആണ് വലുപ്പം. ടെൻ എസ് മാക്സ് മോഡലിന്റെ വലുപ്പം 6.5 ഇഞ്ച്. പുതിയ ഫോണുകളിൽ 7 എൻഎം എ12 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡൽ ഫോണുകളിലെയും പരമാവധി സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി. ഐഒഎസ് 12 അപ്ഡേറ്റുള്ള ഐഫോണുകളിൽ സിരി ഷോർട്ട്കട്ടും ലഭ്യമാണ്. ഉന്നത ഓഗ്‍മെന്റഡ് റിയാലിറ്റി (എആർ), മികച്ച ഗെയിമിങ് അനുഭവം, നിലവാരമേറിയ ക്യാമറ തുടങ്ങിയവയും ഇഷ്ടം പിടിച്ചുപറ്റും.

12 എംപി വൈഡ് ആംഗിൾ, 1.8 അപ്പർച്ചർ റേഷ്യോ, പുതിയ സെൻസറുകൾ, 6 എലമെന്റ് ലെൻസ്, ട്രൂ ടോൺ ഫ്ലാഷ്, 12 എംപി ടെലിഫോട്ടോ ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ, 2.4 അപ്പർച്ചർ റേഷ്യോ, 2x ഒപ്റ്റിക്കൽ സൂം തുടങ്ങിയവയുള്ള ക്യാമറ ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫിയെ പുതിയ തലത്തിലെത്തിക്കുമെന്നാണു കമ്പനിയുടെ ഉറപ്പ്. ഫോണിന്റെ മുൻക്യാമറയിലും പുതുമകളേറെ. ആർജിബി, ഐആർ, ഡോട്ട് പ്രൊജക്ടർ, 7 എംപി ക്യാമറകളാണ് സെൽഫിക്കായി ഒരുക്കിയിട്ടുള്ളത്. ഐഫോൺ എക്സിനേക്കാൾ‌ അരമണിക്കൂർ കൂടുതൽ ഐഫോൺ ടെൻ എസിന് ബാറ്ററി ശേഷിയുണ്ട്.

ആപ്പിൾ വാച്ച് 4

ആപ്പിൾ വാച്ച് സീരീസ് 4 ആണ് ടിം കുക്ക് ആദ്യം പരിചയപ്പെടുത്തിയത്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയ ഒരുപിടി പുത്തൻ സങ്കേതങ്ങൾ വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 18 മണിക്കൂറാണു ബാറ്ററി ലൈഫ്. 44 മില്ലിമീറ്റർ ആണ് വലുപ്പം. ഉപയോക്താവ് കാൽതെന്നി വീണാൽപോലും മനസ്സിലാക്കി മുന്നറിയിപ്പു നൽകാൻ കഴിവുള്ളതാണു വാച്ചിലെ ‘സിരി’ സംവിധാനം. പിന്നാലെ എമർജൻസി കോൺടാക്സ് നമ്പരുകളിലേക്കു കോൾ പോകും വിധം സെറ്റു ചെയ്തു വയ്ക്കാനും സാധിക്കും.

ഹൃദയമിടിപ്പുനിരക്ക് മന്ദഗതിയിലാകുക, ഹൃദയതാളം, ഇസിജി എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആരോഗ്യ അവസ്ഥകളെ വാച്ച് പരിശോധിച്ചു കൊണ്ടേയിരിക്കും. മികച്ച കണക്ടിവിറ്റിക്കായി പുതിയതരം മൈക്ക്, സ്പീക്കർ എന്നിവയോടൊപ്പം നല്ല പെർഫോമൻ‌സും വാഗ്ദാനം ചെയ്യുന്നു.

ഹൃദയം ആരോഗ്യപൂർണമാണോ എന്ന് ഏതു സമയവും ഇസിജി ഉപയോഗിച്ച് പരിശോധിച്ചറിയാം. ഇസിജി എടുക്കാൻ ഡോക്ടറുടെ സഹായം വേണ്ടെന്നതാണു ഇതിന്റെ വലിയ പ്രത്യേകത. യുഎസിലെ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വാച്ചിലെ ആരോഗ്യ ഫീച്ചറുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

വർക് ഔട്ടിന് കൂടുതൽ ആപ്പുകളും വാച്ചിലുണ്ട്. ഡിജിറ്റൽ ക്രൗൺ, ജിപിഎസ്/സെല്ലുലാർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഹെൽത്ത് ഡേറ്റ വാച്ചിലും ക്ലൗഡിലും പൂര്‍ണമായും എൻക്രിപ്റ്റ് ചെയ്തായിരിക്കും സൂക്ഷിക്കുക. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാർ മോഡലിന് 499 ഡോളറുമാണു യുഎസിൽ വില. ഈമാസം 14 മുതൽ പ്രീഓർഡർ‌ നൽകാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡൽ 279 ഡോളറിനു ലഭ്യമാകും.