തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ്

നവജോത് സിങ് സിദ്ദു.

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസിൽ നാലുമാസം മുന്‍പ് സിദ്ദുവിന് 1,000 രൂപ പിഴ ശിക്ഷ കോടതി വിധിച്ചിരുന്നു. എന്തുകൊണ്ട് കൂടുതൽ ശിക്ഷ പാടില്ലെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കോടതി സിദ്ദുവിന് ഇപ്പോൾ കത്തയച്ചിരിക്കുകയാണ്.

1998 ഡിസംബര്‍ 27ന് സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിങ്ങും പട്യാലയിൽ ഗുർണാംസിങ് എന്നയാളുമായി വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും ഇയാളെ കാറിൽനിന്നു വലിച്ചിറക്കി മർദിച്ചുവെന്നുമാണു കേസ്. ഗുർണാംസിങ് വൈകാതെ മരിച്ചു. കേസിൽ വിചാരണക്കോടതി സിദ്ദുവിനെ വെറുതെവിട്ടെങ്കിലും ഹരിയാന ഹൈക്കോടതി 2006ൽ നരഹത്യാക്കുറ്റം ചുമത്തി മൂന്നു വർഷത്തെ തടവുശിക്ഷ വിധിച്ചു. 2007ൽ സുപ്രീംകോടതി ശിക്ഷ റദ്ദാക്കി, സിദ്ദുവിനു ജാമ്യം അനുവദിച്ചു. 1000 രൂപ പിഴയും ചുമത്തി.

ഗുർണാംസിങ്ങിന്റെ കുടുംബം നൽകിയ അപേക്ഷയിലാണു കേസ് വീണ്ടും പരിശോധിക്കാൻ കോടതി തയാറായത്. തെളിവുകളനുസരിച്ച് ഗുർണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും പഞ്ചാബ് സർക്കാർ അന്നു വാദിച്ചിരുന്നു. കേസ് സിദ്ദുവിന്റെ രാഷ്ട്രീയഭാവിയെ വെട്ടിലാക്കുമോ എന്നാണു നിരീക്ഷകർ ഉറ്റുനോക്കുന്നത്.